‘ആരോ എവിടെയോ ഇരുന്ന് ഗണപതി മിത്ത് ആണെന്ന് പറഞ്ഞാൽ നമ്മൾ സഹിക്കുമോ’; അനുശ്രീ

യുവഅഭിനേത്രികളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അനുശ്രീ. റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് ഈ താരം സിനിമയില്‍ അരങ്ങേറിയത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളുള്‍പ്പടെ നിരവധി പേര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു.ഇടയ്ക്കൊക്കെ മോഡേൺ ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.ഇപ്പോഴിതാ സ്പീക്കർ എ എന്‍ ഷംസീറിന്റെ ഗണപതി പരാമർശത്തില്‍ പ്രതികരണവുമായി നടി അനുശ്രീ.

വിനായക് ചതുർഥി ദിനത്തോടെ അനുബന്ധിച്ച് നടന്ന ഗണേശോത്സവത്തിൽ പങ്കെടുക്കുമ്പോൾ ഇതിനെതിരെ നിരവധി പേരാണ് പ്രതികരിച്ചിട്ടുള്ളത്. നടന്മാരായ ഉണ്ണി മുകുന്ദൻ, ജയസൂര്യ എന്നിവർ പ്രതികരിച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോയെന്നാണ് താരം ചോദിക്കുന്നത്.പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടി.

പ്രതിഷേധം അറിയിക്കാനുള്ള വേദിയായാണ് പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും നടി പറഞ്ഞു.’അത്രയും വിശ്വാസത്തോടു കൂടി ആ അമ്പലത്തിന്റെ മണ്ണിൽ വളർന്ന നമ്മൾ ഒരു ദിവസം കേൾക്കുകയാണ്, ആരോ എവിടെയോ ഇരുന്ന് പറയുകയാണ് ഗണപതിയൊക്കെ കെട്ടുകഥയാണ്, മിത്താണ് എന്ന്. നമ്മൾ സഹിക്കുമോ? സഹിക്കില്ല,’ അനുശ്രീ പറഞ്ഞു.

‘അണ്ണാറക്കണ്ണനും തന്നാലായത് എന്ന് പറഞ്ഞതുപോലെ എന്റെ ഒരു ചെറിയ പ്രതിഷേധവും പ്രതികരണവുമൊക്കെ അറിയിക്കാനുള്ള, ​ഗണപതി അനു​ഗ്രഹിച്ചു തന്ന സദസ്സായി ഞാൻ ഈ അവസരത്തെ കാണുകയാണ്. അതുകൊണ്ട് തന്നെയാണ് ഇങ്ങോട്ടേക്ക് ഞാൻ തന്നെ വരാൻ ആവശ്യപ്പെട്ടതും,’ അനുശ്രീ പറഞ്ഞു.ആദ്യമായിട്ടാണ് അ‍ങ്ങോട്ട് ക്ഷണം ചോദിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കുന്നതെന്നും താരം പറഞ്ഞു.

“എല്ലാവർക്കും ഒരു വിചാരമുണ്ട് നമുക്ക് നട്ടെല്ലിന് ബലം കുറവുണ്ടെന്ന്. അങ്ങനെയുണ്ടോ? പ്രതികരിക്കണമെന്ന് എനിക്ക് തോന്നിയ സദസാണിത്. ഇത്രയും പേർക്ക് ഇവിടെ വരാമെങ്കിൽ വിശ്വാസികൾക്ക് നട്ടെല്ലുണ്ടെന്നാണ് നമ്മൾ പലർക്കും കാണിച്ചുകൊടുക്കുന്നത്. ഒരു വർ​ഗീയവാദവുമല്ല ഞാൻ സംസാരിക്കുന്നത്. രാഷ്ട്രീയപരമായ കാര്യവുമല്ല സംസാരിക്കുന്നത്.” അനുശ്രീ പറഞ്ഞു.

Scroll to Top