ചന്ദ്രയാൻ 3 വിജയം; ചന്ദ്രനിൽ ചരിത്രനേട്ടവുമായി ഇന്ത്യ

ചന്ദ്രയാൻ മൂന്ന് ദൗത്യം പൂർണ്ണ വിജയം.ലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക് ഇന്ത്യ.വൈകിട്ട് 6.03 നായിരുന്നു ചരിത്രം കുറിച്ച് ചന്ദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയത്. ഐഎസ്ആർഒ പ്രതീക്ഷിച്ച കൃത്യ സമയത്ത് ഇന്ത്യയുടെ ചാന്ദ്ര പേടകം ചന്ദ്രോപരിതലം തൊട്ടു. 140 കോടി ജനതയുടെ പ്രതീക്ഷകളുമായി ഇന്ത്യൻ ലാൻഡർ ചന്ദ്രനെ തൊട്ടത് ഐ എസ് ആർ ഓ സ്ഥിരീകരിച്ചതോടെ രാജ്യം ആഘോഷത്തിൽ മുങ്ങി. വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാൻഡിംഗ് പ്രക്രിയ 19 മിനുട്ടുകൾ കൊണ്ടാണ് പൂർത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്.

ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വ‍ര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത്. വിക്രം എന്ന ലാൻഡറും പ്രഗ്യാന്‍ എന്ന റോവറും അടങ്ങിയതായിരുന്നു ഇന്ത്യയുടെ ചന്ദ്രയാൻ 3 പേടകം. ഇതോടൊപ്പം ഒരു പ്രൊപ്പൽഷൻ മൊഡ്യൂളുമുണ്ടായിരുന്നു.ജൂലൈ 14ന് ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ മാർക്ക് 3 (എൽവിഎം 3) റോക്കറ്റിലേറി ശ്രീഹരിക്കോട്ടയിൽനിന്നു പറന്നുയർന്ന പേടകം അന്നുതന്നെ ഭൂമിക്കു ചുറ്റും ഭ്രമണം ആരംഭിച്ചു.

ചന്ദ്രനിൽ ഇറങ്ങുന്ന ലാൻഡർ, ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാൻ റോവർ, പിന്നെ ലാൻഡറിനെ ചാന്ദ്ര ഭ്രമണപഥം വരെയെത്തിച്ച പ്രൊപ്പൽഷൻ മൊഡ്യൂൾ എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ ചേ‍‌ർന്നതാണ് ചന്ദ്രയാൻ മൂന്ന് ദൗത്യം. ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ ഉയരത്തിൽ വച്ചാണ് ലാൻഡിങ്ങ് പ്രക്രിയക്ക് തുടക്കമായത്. പേടകത്തിനടിയിലെ നാല് 800 N ലിക്വിഡ് പ്രൊപ്പൽഷൻ എഞ്ചിനുകൾ പ്രവർത്തിപ്പിച്ച് വേഗത കുറച്ചു. സെക്കൻഡിൽ 1.68 കിലോമീറ്റർ എന്ന വേഗത്തിൽ നിന്ന് സെക്കൻഡിൽ 358 മീറ്റർ എന്ന വേഗത്തിലേക്ക് 690 സെക്കൻഡ് കൊണ്ട് പേടകമെത്തി.

ഒടുവിൽ കോടിക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കി ഇന്ത്യയുടെ ചന്ദ്രയാൻ 3 ചാന്ദ്രോപരിതലം തൊട്ടു.ഇതിനുമുൻപു ചന്ദ്രനിൽ ഇറങ്ങിയിട്ടുള്ള യുഎസ്, സോവിയറ്റ് യൂണിയൻ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇതോടെ ഇന്ത്യയുടെ പേരും എഴുതിച്ചേർക്കപ്പെട്ടു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യവുമായി.

Scroll to Top