‘മുതിർന്നവർക്കു കൈനീട്ടം നൽകുന്ന രീതിയുണ്ടോ എന്നറിയില്ല..; വിഷു ഓർമകളുമായി അനുശ്രീ.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മലയാളത്തിന്റെ പ്രിയനടി അനുശ്രീ. വീട്ടുവിശേഷങ്ങളും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രാവിശേഷങ്ങളും തന്റെ പുതിയ ചിത്രങ്ങളുമെല്ലാം അനുശ്രീ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്.റിയാലിറ്റി ഷോയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ്. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിലൂടെയാണ് ഈ താരം സിനിമയില്‍ അരങ്ങേറിയത്. താരത്തിന് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം ആയിരുന്നു മഹേഷിന്റെ പ്രതികാരം.ഇടയ്ക്കൊക്കെ മോഡേൺ ഫോട്ടോഷൂട്ടിൽ എത്തുന്ന അനുശ്രീയുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം നിരവധി ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ താരം ഒരു ഓൺലൈൻ മാധ്യമത്തോട് വിഷുവിനെ കുറിച്ച് പങ്കുവെച്ചതാണ് ശ്രെദ്ധേയമാകുന്നത്.കണിയൊരുക്കലും കണികാണലും ക്ഷേത്രദർശനവുമെല്ലാം അന്നും ഇന്നും എനിക്ക് സുഖമുള്ള ഓർമകളാണ്. പണ്ടു തൊടിയിൽനിന്നു ലഭിക്കുന്ന ഫലവർഗങ്ങൾ ഉൾപ്പെടുത്തിയാണ് കണിയൊരുക്കുന്നത്.കണിയൊരുക്കാനുള്ള കൊന്നപ്പൂ, ചക്ക, മാങ്ങ, നാളികേരം എന്നിവ ശേഖരിക്കാൻ കൂട്ടുകാർക്കൊപ്പം പോകുന്നത് പ്രത്യേക അനുഭവമായിരുന്നു. ഈയൊരു കാര്യത്തിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്.ഇത്തവണ വിഷു ആഘോഷിക്കാൻ നാട്ടിലുണ്ട്. കണികാണൽ, കൈനീട്ടം വാങ്ങൽ, മറ്റുള്ളവർക്ക് കൈനീട്ടം കൊടുക്കൽ, ലഭിച്ച കൈനീട്ടം അടുത്ത വിഷുക്കാലം വരെ സൂക്ഷിക്കൽ, ക്ഷേത്രദർശനം എന്നീ പതിവു രീതികൾ തുടരണം.

മുതിർന്നവർക്ക് കൈനീട്ടം നൽകുന്ന രീതിയുണ്ടോ എന്നൊന്നും അറിയില്ല. എന്നാൽ അച്ഛനും അമ്മയ്ക്കും ഞാൻ എന്തെങ്കിലും കൊടുക്കും.വരുമാനത്തിന്റെ പങ്ക് നമ്മൾ മാതാപിതാക്കൾക്കു കൊടുക്കുമെങ്കിലും കൈനീട്ടം നൽകുമ്പോൾ ഒരു പ്രത്യേക സുഖം തോന്നും.വീട്ടിലെ കണികാണലിനുശേഷം ക്ഷേത്രദർശനം പതിവാണ്.ഷൂട്ടിങ് തിരക്കുള്ളപ്പോൾ മാത്രമാണ് ഇതു മുടങ്ങുന്നത്. വീട്ടില്‍ ഒരുക്കിയ കണിയുടെ ഫോട്ടോ കാണുന്നതു മാത്രമായി അപ്പോഴത്തെ ആഘോഷം ചുരുങ്ങും.എല്ലാ ദൈവങ്ങളിലും വിശ്വാസമുണ്ട്. ഷൂട്ടിങ് തിരക്കുകൾ കഴിഞ്ഞ് ഓടിയെത്താൻ ശ്രമിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ.ചടങ്ങുകളും ആചാരങ്ങളും വിഭിന്നമാണെങ്കിലും എല്ലാ ദേവാലയങ്ങളും ഉള്ളില്‍ സന്തോഷം നിറയ്ക്കുന്നവയാണ്. അവിടുത്തെ സംഗീതവും ശാന്തമായ അന്തരീക്ഷവും വളരെയധികം പോസിറ്റീവ് ഊർജം നൽകും.

ജ്യോതിഷത്തില്‍ വിശ്വാസമുണ്ട്. എന്നാൽ അന്ധവിശ്വാസിയല്ല.വീടിനടുത്ത് ശിവക്ഷേത്രമാണുള്ളത്. കുഞ്ഞുന്നാൾ മുതലേ അവിടുത്തെ സന്ദർശകയായതിനാൽ എന്തു വന്നാലും ആദ്യം പ്രാർഥിക്കുക മഹാദേവനോടായിരിക്കും. നമ്മുടെ കാര്യങ്ങൾ പറയുമ്പോൾ ഭഗവാനതു കേൾക്കുന്നുണ്ടെന്നത് എന്റെ വിശ്വാസമാണ്. സന്തോഷം വന്നാലും സങ്കടം വന്നാലും മാതാപിതാക്കളോടെന്ന പോലെ ഭഗവാനോടും പറയുന്നു. സന്തോഷവും ഭഗവാനോട് പങ്കുവയ്ക്കണം എന്നു മുതിർന്നവർ പറയാറുണ്ടെങ്കിലും സങ്കടങ്ങളാവും കൂടുതലായി നമ്മൾ ഈശ്വരനോട് പറയുക. കാരണം നമ്മളൊക്കെ സാധാരണ മനുഷ്യരല്ലേ..-അനുശ്രീ പറയുന്നു.

Scroll to Top