‘ബറോസ് ‘ ഫസ്റ്റ് ലുക്കിനൊപ്പം പുതുവത്സരാശംസകൾ നേർന്ന് ലാലേട്ടൻ ; ആരാധകർ ഏറ്റെടുത്ത് പുതിയ ലുക്ക് !!!

ആരാധകര്‍ക്ക് പുതുവത്സരാശംസയ്ക്ക് ഒപ്പം വമ്പന്‍ സര്‍പ്രൈസ് നല്‍കി മോഹന്‍ലാല്‍. മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ചിത്രം ബറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു കൊണ്ടാണ് താരം പുതുവത്സരാശംസ അറിയിച്ചത്.ഞെട്ടിക്കുന്ന ​ഗെറ്റപ്പിലാണ് മോഹൻലാൽ പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്.. ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള മേക്കോവറിലാണ് ഫസ്റ്റ് ലുക്കില്‍ അദ്ദേഹമുള്ളത്. വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് താരം ചിത്രത്തില്‍.

അനീഷ് ഉപാസനയാണ് ഫസ്റ്റ് ലുക്കിന്റെ ചിത്രം പകര്‍ത്തിയത്. മോഹൻലാലാണ് സോഷ്യല്‍ മീഡിയയിലൂടെ 12 മണിക്ക് പുറത്തുവിട്ടത്. ഡി ​ഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹൻലാൽ എത്തുന്ന ചിത്രമാണ് ബറോസ്. ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.മിന്നൽ മുരളിയിലൂടെ ശ്രദ്ധേയനായ ​ഗുരു സോമസുന്ദരം ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്.സന്തോഷ് ശിവൻ ക്യാമറയും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ജിജോയാണ് തിരക്കഥ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. കേരളത്തിലും ഗോവയിലുമായി ചിത്രീകരണം നടന്നിരുന്നെങ്കിലും അന്ന് ചിത്രീകരിച്ച രംഗങ്ങളെല്ലാം ഉപേക്ഷിക്കേണ്ടിവന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. കൊവിഡിനെത്തുടര്‍ന്നുണ്ടായ ഷെഡ്യൂള്‍ ബ്രേക്ക് നീണ്ടതിനെത്തുടര്‍ന്ന് കണ്ടിന്യുവിറ്റി പ്രശ്‍നങ്ങള്‍ ഉള്‍പ്പെടെ ചിത്രം നേരിട്ടിരുന്നു.

Scroll to Top