‘വീണ്ടും കാണാം’; ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നന്ദി പറഞ്ഞ് വുക്കൊമനോവിച് !!

ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തിലെ വിവാദ ഗോളാണ് ഫുട്ബോള്‍ ചർച്ചകളിലെ ഹോട്ട് ടോപിക്. എക്സ്‍ട്രാടൈമിലേക്ക് നീണ്ട മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഫ്രീകിക്ക് തടയാന്‍ മതില്‍ കെട്ടും മുമ്പ് പന്തടിച്ച് വലയിലാക്കി സുനില്‍ ഛേത്രി ബെംഗളൂരുവിനെ സെമിയിലേക്ക് കടത്തിവിടുകയായിരുന്നു.അധികസമയത്തേക്ക് നീണ്ട പ്ലേ ഓഫ്‌ മല്‍സരത്തില്‍ 97ാം മിനിറ്റിൽ ഫ്രീ കിക്കിലൂടെ സുനിൽ ഛേത്രി നേടിയ ഗോളിനെ തുടര്‍ന്ന് നാടകീയ സംഭവങ്ങളാണ് സ്റ്റേഡിയത്തിലുണ്ടായത്.

ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ പ്രതിരോധ താരങ്ങളെ ഫ്രീകിക്കിനായി അണിനിരത്താൻ ഇറങ്ങിവന്ന നിമിഷം സുനിൽ ഛേത്രി പന്ത് വലയിലാക്കി. അതിവേഗ ഫ്രീകിക്കിന് അനുമതി നൽകിയിരുന്നുവെന്ന് റഫറിയും ഇല്ലെന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങളും വാദിച്ചതോടെ കണ്ടീരവ സ്റ്റേഡിയത്തിൽ വാക്കേറ്റമായി. തുടര്‍ന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് താരങ്ങളെ മടക്കി വിളിക്കുകയായിരുന്നു.

വിവാദ ഗോളിലൂടെയുള്ള പുറത്താവലിന് പിന്നാലെ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് നന്ദി പറഞ്ഞ് പരിശീലകന്‍ ഇവാന്‍ വുക്കൊമനോ വിച്. ലോകത്തിലെ ഏറ്റവും മികച്ച ആരാധകരാണ് ബ്ലാസ്റ്റേഴ്സിന്റേതെന്നും വീണ്ടും കാണാമെന്നും വുകുമനോ വിച് പറഞ്ഞു. എന്നാല്‍ സെമി കാണാതെയുള്ള പുറത്താകല്‍ ദൗര്‍ഭാഗ്യകരമെന്ന് കെ.പി. രാഹുലും പ്രതികരിക്കാനില്ലെന്ന് ലൂണയും പറഞ്ഞു.

Scroll to Top