ഇതര സംസ്ഥാനങ്ങളിലെ എക്സ്ട്രാജുഡീഷ്യൽ കൊലപാതകങ്ങളെ നമ്മളും വാഴ്ത്തി തുടങ്ങിയിരിക്കുന്നു, വേണുഗോപാൽ.

കഴിഞ്ഞദിവസം കേരളത്തിൽ നടന്ന സംഭവം മനസാക്ഷിയെ ഞെട്ടിക്കുന്ന ഒന്നാണ്.കൊടുംക്രൂരതയാണ് 5 വയസുകാരിയോട് നടന്നത്. ഇതിനെതിരെ രംഗത്ത് നിരവധി പേർ എത്തിയിരുന്നു. ഈ അവസരത്തിൽ വൈറൽ ആകുന്നത് പാട്ടുകാരൻ ജി വേണുഗോപാലിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,ഒരു അച്ഛന്, രക്ഷിതാവിന്, അമ്മയ്ക്ക്, ഒരു പൊതു സമൂഹത്തിന് താങ്ങാവുന്നതിലും വലിയ ക്രൂരത. പത്രങ്ങളും ടി വി യും തുറക്കാൻ ഭയമായിത്തുടങ്ങിയിരിക്കുന്നു. ഇന്ന് നമ്മെ നിലംപരിശാക്കാൻ എന്താണടുത്തത് എന്ന് മാദ്ധ്യമങ്ങളും തിരയുന്നു. കാട്ടു ജീവികളായി വസിച്ചിരുന്ന കാലത്തെ തലയ്ക്ക് തല, കണ്ണിന് കണ്ണെന്ന സ്വാഭാവിക നീതി എടുത്തു മാറ്റി പരിഷ്കൃതമായ നിയമ പരിരക്ഷ കൊണ്ടുവന്നിട്ട് നൂറ്റാണ്ടുകളായി.

മുങ്ങി മുങ്ങി താഴുന്ന നീതി വ്യവസ്ഥ മനുഷ്യരിൽ കലാപവാസനയാണ് കുത്തി നിറയ്ക്കുന്നത്. ഓരോ കുറ്റവാളിയെയും തെളിവെടുപ്പിനടുപ്പിക്കുവാൻ പോലും പോലീസിനാകാത്തത്, ഭരണത്തിലും, പോലീസിലും, ജുഡീഷ്യറിയിലുമുള്ള പൊതുജനത്തിൻ്റെ അവിശ്വാസമായി കണക്കാക്കേണ്ടി വരും. ഇതര സംസ്ഥാനങ്ങളിലെ extra judicial police കൊലപാതകങ്ങളെ നമ്മളും വാഴ്ത്തിത്തുടങ്ങിയിരിക്കുന്നു. മറുനാടൻ തൊഴിലാളികളെ “അതിഥി ”കളായി സ്വീകരിക്കുന്നവരാണ് മലയാളികൾ.

നമ്മുടെ അലിവും, സഹനശക്തിയുമൊന്നും നഷ്ടപ്പെടാതിരിക്കട്ടെ. നമ്മുടെ മനസ്സുകളെന്നും അന്യരെ ചേർത്തു പിടിച്ചിട്ടേയുള്ളൂ, ഏത് ദുരിതത്തിനിടയിലും, നമ്മുടെ വിരൽ തുമ്പുകൾ അവരുടെ കണ്ണുനീരൊപ്പിയിട്ടേയുള്ളൂ. അന്യദേശ അതിഥി തൊഴിലാളികളായ ആ അച്ഛനുമമ്മയ്ക്കും നമ്മുടെ പരിചരണം ആവശ്യമാണ്. ഇതിനിടയിൽ അത് മറക്കണ്ട. ആ കൊച്ചു മോളുടെ ചിരിച്ച മുഖം , അവൾ നേരിട്ട ക്രൂരത, നടുക്കുന്നു, കണ്ണീറനാക്കുന്നു. കണ്ണു നിറയുമ്പൊഴും, കാതുണരട്ടെ. നന്മ നമ്മൾക്ക് കാവലാകട്ടെ!

Scroll to Top