ലോകകപ്പ് വരുന്നു ഹണിമൂണിനിടെ പുറംവേദന മറക്കരുത്! ചാഹറിനെ ആശംസകൾക്കൊപ്പം ട്രോളി സഹോദരി

ഇന്ത്യൻ ഓൾറൗണ്ടർ ദീപക് ചാഹർ കഴിഞ്ഞ ദിവസമാണ് വിവാഹിതനായത്.ഗാലറിയിലെ സിനിമാറ്റിക് പ്രണയനിമിഷങ്ങൾക്കൊടുവിൽ ദീപക് ചാഹറും ജയ ഭരദ്വാജും ആഗ്രയിൽ വെച്ചാണ് ഒന്നായത്.ബന്ധുവും ക്രിക്കറ്റ് താരവുമായ രാഹുൽ ചാഹർ ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചു.ഇരുവരുടെയും മെഹന്ദിയിടൽ ചടങ്ങിന്റെയും, വിവാഹത്തിനു മുന്നോടിയായുള്ള മറ്റു ചടങ്ങുകളുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നേരത്തെ പ്രചരിച്ചിരുന്നു.2021 ഐപിഎൽ സീസണിൽ, ചെന്നൈ– പഞ്ചാബ് മത്സരത്തിനിടെ ഗാലറിയിൽ വച്ചാണു സുഹൃത്ത് ജയ ഭരദ്വാജിനോടു ദീപക് ചാഹർ വിവാഹാഭ്യർഥന നടത്തിയത്.

ഗാലറിയിൽ കളികണ്ടിരുന്ന ജയ ഭരദ്വാജിനടുത്തേക്കു നടന്നെത്തി ദീപക് ചാഹർ വിവാഹാഭ്യർഥന നടത്തുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.ഇപ്പോഴിതാ താരത്തെ ട്രോളി സഹോദരി മാലതി ചാഹർ പങ്കുവെച്ച കുറിപ്പാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.‘രണ്ടു പേർക്കും നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു. ഹണിമൂണിനിടെ പുറം വേദനയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. നമുക്ക് ലോകകപ്പ് കളിക്കേണ്ടതാണ്’ – ദീപക് ചാഹറിനെ ടാഗ് ചെയ്ത് മാലതി ചാഹർ കുറിച്ചു.ദീപക്കിനും ജയയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് മാലതി കുറിച്ചത്.

അഭിനന്ദനത്തിനൊപ്പം ഈ വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പ് മുൻനിർത്തി മാലതി കുറിച്ചൊരു ‘ഓർമപ്പെടുത്ത’ലാണ് ട്രോളായി മാറിയത്.പുറത്തിനേറ്റ പരുക്കിനെ തുടർന്ന് ഇക്കഴിഞ്ഞ ഐപിഎൽ സീസൺ പൂർണമായും ദീപക് ചാഹറിനു നഷ്ടമായിരുന്നു.2022ലെ ഐപിഎൽ മെഗാ താരലേലത്തിൽ 14 കോടി രൂപ മുടക്കി ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ എടുത്തിരുന്നെങ്കിലും, പിന്നീടു തുടർച്ചയായി പരുക്കിന്റെ പിടിയിലായ ദീപക് ചാഹറിന് ഐപിഎൽ സീസൺ പൂർണമായും നഷ്ടമായിരുന്നു.

Scroll to Top