പോലീസ് ഭീഷണിപ്പെടുത്തുന്നു ; സ്റ്റേഷനിൽ ഹാജരാകുമ്പോൾ ഭീഷണിയെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ !!

കഴിഞ്ഞ ദിവസങ്ങളിൽ ഇബുൾ ജെറ്റിന്റെ അറസ്റ്റ് ഏറെ വിവാദം ആയിരുന്നു.നിരവധി പേർ ഇവരെ പിന്തുണച്ചും പ്രതികൂലിച്ചും എത്തി. ഇപ്പോഴിതാ ജാമ്യവ്യവസ്ഥ പ്രകാരം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുമ്പോള്‍ ഭീഷണിപ്പെടുത്തുകയാണെന്ന് ഇ ബുള്‍ജെറ്റ് സഹോദരന്മാർ. ഇ ബുള്‍ജെറ്റ് സഹോദരന്‍മാരായ എബിന്‍, ലിബിന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്‍റെ ഹര്‍ജി കോടതി തള്ളിയതിനു പിന്നാലെയാണ് പുതിയ വീഡിയോ പുറത്തുവിട്ടത്. പൊലീസിനെതിരെ സംസാരിച്ചാല്‍ കള്ളക്കേസില്‍ കുടുക്കുമെന്നാണ് ഭീഷണി.

മൊബൈല്‍ ഫോണുകളും ക്യാമറയും എന്തിനു പിടിച്ചുവച്ചെന്ന് വ്യക്തമാക്കണമെന്നും ഇ ബുള്‍ജെറ്റ് പുറത്തുവിട്ട പുതിയ വീഡിയോയില്‍ പറയുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും, പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇരുവരുടെയും അഭിഭാഷകന്‍ പറയുന്നു. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് എബിനും ലിബിനും ഉന്നയിക്കുന്നത്.

എബിന്‍റെയും ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹർജി തലശ്ശേരി സെഷൻസ് കോടതി തള്ളിയിരുന്നു .കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ലെന്നും കേസ്  കെട്ടിചമച്ചതാണെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. വാഹനത്തിന്‍റെ പിഴ അടയ്ക്കാൻ തയ്യാറാണെന്നും ഇ ബുൾ ജെറ്റ് സഹോദരങ്ങൾ കോടതിയെ അറിയിച്ചു. നേരത്തെ കേസ് പരിഗണിക്കുന്നത് രണ്ട് തവണ കോടതി മാറ്റിവച്ചിരുന്നു.

Scroll to Top