ഞാൻ പോയാലും ഒരുപിടി നന്മ തുടരും ; ആലപ്പുഴയോട് യാത്ര പറഞ്ഞ് കുട്ടികളുടെ കളക്ടർ മാമൻ ഇനി തൃശൂരിലേക്ക്!!

കുറച്ച് ദിവസങ്ങൾ കൊണ്ട് ആലപ്പുഴയുടെ മാത്രമല്ല കേരളത്തിലെ മുഴുവനാളുകളുടെയും മനസ് കീഴടക്കിയ പ്രിയപ്പെട്ട കളക്ടർ ആണ് വി ആർ കൃഷ്ണ തേജ.മഴകെടുതി കാരണം എങ്ങും വെള്ളപൊക്കവും മറ്റ് നഷ്ടങ്ങളും വന്ന സമയത്ത് ആണ് ഇദ്ദേഹം ജനങ്ങളുടെ മനസിൽ ഇടംപിടിച്ചത്.ജില്ലയിലെ കളക്ടർ ആയി നിയമനത്തിൽ വി ആർ കൃഷ്ണ തേജ സ്ഥാനം ഏറ്റതിന് ശേഷമുള്ള ആദ്യ ഉത്തരവ് ആണ് ജനങ്ങൾ ഏറെ ഏറ്റെടുത്തത്. കുട്ടികൾക്ക് അവധി പ്രഖ്യാപിച്ച കളക്ടർ മാമൻ ഏറെ ശ്രദ്ധ നേടി. ഏഴു മാസം കൊണ്ടു ആലപ്പുഴ ജില്ലയ്ക്കു പ്രിയപ്പെട്ടവനായ കലക്ടർ ശനിയാഴ്ച ചുമതലയൊഴിയും. അവസാനം ഒപ്പിടുക ജില്ലയിൽ കോവിഡ് അനാഥരാക്കിയ 293ാമത്തെ കുട്ടിക്കു സ്കോളർഷിപ്പ് അനുവദിക്കുന്ന ഫയലിൽ.

തൃശൂർ കലക്ടറായി ഏതാനും ദിവസത്തിനു ശേഷം അദ്ദേഹം ചുമതലയേൽക്കും.കലക്ടറായുള്ള വരവിൽ വി ആർ ഫോർ ആലപ്പി എന്ന പേരിൽ പദ്ധതി വിപുലമാക്കി. പ്രധാനമായും ശ്രദ്ധിച്ചത് കോവിഡ് മൂലം അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസത്തിലാണ്.താൻ പോയാലും ഒരുപിടി നന്മ തുടരുമെന്നാണ് കൃഷ്ണ തേജ പറയുന്നത് കലക്ടറെ കാണാനും ആവശ്യങ്ങൾ പറയാനുമായി എത്തുന്ന കുട്ടികൾ മിക്ക ദിവസവും കലക്ടറേറ്റിലെ കാഴ്ചയായിരുന്നു.നിരവധി കുഞ്ഞുങ്ങളാണ് അദ്ദേഹത്തിന് നന്ദി പറയാനും പരാതി പറയാനും അവരുടെ കളക്ടർ മാമന്റെ അടുത്തെത്തുന്നത്.അങ്ങനെ അദ്ദേഹം പങ്കുവെച്ച കുറിപ്പ്;

ഇന്നലെ എനിക്കൊരു അമൂല്യ സമ്മാനം ലഭിച്ചു. സമ്മാനത്തേക്കാൾ ഉപരിയായി അതെനിക്ക് വലിയ ഒരു പ്രചോദനമാണ് നൽകിയത്. മുതുകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായ ഗൗതമിയെന്ന മോളാണ് എനിക്ക് ഈ അമൂല്യമായ സമ്മാനം നൽകിയത്. എസ്‌.എം.എ. ബാധിച്ച് ഒന്ന് ഇരിക്കാൻ പോലും ബുദ്ധിമുട്ടുന്ന ഈ മോൾ എനിക്ക് ഈ ചിത്രം സമ്മാനിക്കാൻ വേണ്ടി മാത്രമായാണ് മുതുകുളത്ത് നിന്നും ഇത്രയധികം ദൂരം യാത്ര ചെയ്ത്‌ കളക്ടറേറ്റിലേക്ക് വന്നത്.മോളോട് എനിക്കുള്ള സ്നേഹവും നന്ദിയും വാക്കുകൾ കൊണ്ട് പറഞ്ഞ്‌ അറിയിക്കാവുന്നതിലും അപ്പുറമാണ്.

എട്ടര മണിക്കൂറോളം സമയം ഇരുന്നും കിടന്നുമാണ് ഈ മോൾ എനിക്ക് തരാനായി ഈ മനോഹര ചിത്രം വരച്ചത്.ഈ മോൾ കാണിച്ച സ്നേഹവും വാത്സല്യവും ജീവതത്തിൽ ഒരിക്കലും എനിക്ക് മറക്കാനാവില്ല. ഈ അമൂല്യ സമ്മാനം ഒരു നിധി പോലെ എന്നും ഞാൻ എന്റെ മനസ്സിനോട് ചേർത്ത് വെക്കും.പ്രതികൂല സാഹചര്യങ്ങളിലും അസാമാന്യമായ കരുത്തും ആത്മവിശ്വാസത്തോടെയും ജീവിതത്തിൽ മുന്നേറുന്ന ഈ മോൾക്ക് എന്റെ എല്ലാവിധ ആശംസകളും.

Scroll to Top