അതിഥി തൊഴിലാളിയുടെ മകന് ഫുള്‍ എപ്ലസ്; ചോര്‍ന്നൊലിക്കുന്ന വീട്ടിലേക്ക് മിന്നും തിളക്കമായി കുല്‍ദീപ്

അതിഥി തൊഴിലാളി ദമ്പതികളുടെ മകന് ഫുൾ എ പ്ലസ്.നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി ഉത്തർപ്രദേശ് ഗോരഖ്പുർ സ്വദേശി കുൽദീപ് യാദവാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.നെടുവത്തൂർ ചാലൂക്കോണത്ത് വാടകവീട്ടിൽ കഴിയുന്ന രാം കിരണിന്റെയും സബിതയുടെയും മകനാണ്.സബിത കശുവണ്ടി ഫാക്ടറി തൊഴിലാളിയും രാംകിരൺ നിർമാണത്തൊഴിലാളിയുമാണ്.പത്തുവർഷംമുമ്പാണ് ഇവർ ഉത്തർപ്രദേശിൽനിന്നു തൊഴിൽതേടി കേരളത്തിലെത്തിയത്.

മൂന്നുവർഷമായി ഇ.വി.എച്ച്.എസ്.എസ്സിലെ വിദ്യാർഥിയാണ് കുൽദീപ്.ചാലുക്കോണത്തെ പൊളിഞ്ഞു വീഴാറായ വാടക വീട്ടിലെ പരിമിതമായ സാഹചര്യങ്ങളിലാണ് ജീവിതം.മാതാപിതാക്കളുടെ തുച്ഛമായ വരുമാനത്തിലൊതുങ്ങിയായിരുന്നു പഠന സാഹചര്യം.കോവിഡ് നിയന്ത്രണ കാലത്ത് മാതാപിതാക്കൾക്ക് ജോലി ഇല്ലാതായി. വരുമാനം നിലച്ചു.വള്ളികളും പുള്ളികളും വലയ്ക്കുന്ന മലയാളമാണ് തന്നെ ഏറെ വലച്ചതെന്ന് കുൽദീപ് പറയുന്നു.ഐപിഎസ് ഓഫിസറാകാനാണ് ആഗ്രഹം.സഹോദരി അനാമിക ഇ.വി.എച്ച്.എസ്.സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിയാണ്.

Scroll to Top