തമിഴ് നാട്ടിൽ രജനി ചിത്രത്തിന്റെ ഷോ മാറ്റി കുറുപ്പ് ; ട്വീറ്റ് ആഘോഷമാക്കി ആരാധകർ

കോവിഡ് ലോക്ഡൗണിനുശേഷം വീണ്ടും തുറന്ന തിയേറ്ററുകൾക്ക്‌ ആവേശമായി ദുൽഖർ സൽമാൻ ചിത്രം ‘കുറുപ്പ്’ എത്തി. വെള്ളിയാഴ്ച കേരളത്തിലെ തിയേറ്ററുകളിലും മൾട്ടിപ്ലക്‌സുകളിലുമായി 505 സ്ക്രീനുകളിലാണ് റിലീസ് ചെയ്തത്.37 വർഷമായി മലയാളികൾക്ക് മുന്നിൽ നിഗൂഢതയുടെ പര്യായമായി നിലകൊള്ളുകയാണ് സുകുമാരക്കുറുപ്പ്. ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ എന്നു പോലും തീർച്ചയില്ലാത്ത കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളി ബാക്കിവയ്ക്കുന്ന സംശയങ്ങൾ ഏറെയാണ്.

ആ സംശയങ്ങളുടെയും നിഗൂഢതകളുടെയും ചിത്രമാണ് ‘കുറുപ്പ്’.ആദ്യദിനത്തിൽമാത്രം 2000-ത്തിലേറെ പ്രദർശനങ്ങളാണ് നടന്നത്. ആദ്യദിനത്തിൽ ആറുകോടിയിലേറെ രൂപ സിനിമയ്ക്കു ലഭിച്ചതായാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ‘ഫിയോക്’ നൽകുന്ന കണക്ക്.ഇപ്പോഴിതാ, തമിഴ്നാട്ടിൽ രജനികാന്ത് ചിത്രത്തിന്റെ ഷോ മാറ്റി കുറുപ്പ് പ്രദർശിപ്പിക്കുമെന്ന തിയറ്ററിന്റെ ട്വീറ്റ് ആഘോഷമാക്കിക്കുകയാണ് ദുൽഖർ ആരാധകർ.

കുറുപ്പിന് തമിഴ്നാട്ടിൽ വലിയ വരവേൽപ്പാണ് ലഭിച്ചത്. നല്ല തിരക്കും മികച്ച പ്രതികരണവും ലഭിച്ചതോടെയാണ് കുറുപ്പിന് കൂടുതൽ ഇടം നൽകാൻ തീരുമാനിച്ചത്. തിരുനെൽവേലി ഗ്രാന്റ് മുത്തുറാം സിനിമാസ് എന്ന പേജിൽ വന്ന ട്വീറ്റാണ് ദുൽഖർ ആരാധകർ വൈറലാക്കുന്നത്.രജനികാന്തിന്റെ അണ്ണാത്തെ സിനിമയുടെ ഷോ മാറ്റി ആ സമയത്ത് തിരക്ക് പ്രമാണിച്ച് ദുൽഖറിന്റെ കുറുപ്പ് പ്രദർശിപ്പിക്കുമെന്നാണ് ട്വീറ്റിൽ പറയുന്നത്.

രജനി ചിത്രത്തിന് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് ടിക്കറ്റ് കൗണ്ടറിൽ കാണിച്ചാൽ പണം തിരികെ നൽകുമെന്നും അല്ലെങ്കിൽ ഇതേ ടിക്കറ്റിൽ കുറുപ്പ് കാണാമെന്നും ട്വീറ്റ് ചെയ്ത അറിയിപ്പിൽ പറയുന്നു. കേരളത്തിന് പിന്നാലെ തമിഴ്നാട്ടിലും സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുവെന്ന സൂചനയാണിത്.മലയാള സിനിമയിലെ സർവകാല റെക്കോർഡാണിത്. അടുത്തെങ്ങും തകർക്കാൻ കഴിയാത്ത റെക്കോർഡാണിതെന്ന് ഫിയോക് പറയുന്നു. കാരണം ഇത്രമാത്രം തിയറ്ററുകൾ ഇനിവരുന്ന സിനിമയ്ക്ക് ഒരുമിച്ച് കിട്ടാൻ പാടാണ്.

Scroll to Top