കോട്ടയത്തും കോഴിക്കോടും ‘ലുലു’ ഉടൻ. തിരുവനന്തപുരത്തേത് സ്വപ്ന പദ്ധതി: എംഎ യൂസഫലി

കേരളത്തിൽ ലുലു ഗ്രൂപ്പ് കൂടുതൽ പദ്ധതികൾ കൊണ്ടുവരുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. കേരളം വ്യവസായ സൌഹൃദ സംസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ ലുലുമാളിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോഴിക്കോടും കോട്ടയത്തും ലുലു ഗ്രൂപ്പ് മാളുകൾ സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി.

300 കോടി ചെലവിട്ടു നിർമിക്കുന്ന കോഴിക്കോട് ലുലു മാൾ 2023 ജൂണിലും 250 കോടിയുടെ കോട്ടയത്തെ ലുലു മാൾ 2023 സെപ്റ്റംബറിലും പൂർത്തിയാകും. കയറ്റുമതി ലക്ഷ്യമിട്ട് 150 കോടി രൂപ ചെലവില്‍ നിർമിക്കുന്ന കൊച്ചിയിലെ മീൻ സംസ്കരണ കേന്ദ്രം അടുത്ത ഏപ്രിലിൽ തുറക്കും.

2000 കോടി രൂപ നിക്ഷേപത്തിൽ 20 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ലുലു മാൾ തിരുവനന്തപുരത്ത് പണി കഴിപ്പിച്ചിരിക്കുന്നത്. നേരിട്ടും അല്ലാതെയും 15,000 ത്തോളം പേർക്ക് തൊഴിലവസരം നൽകാൻ സാധിച്ചെന്ന് യൂസഫലി പറഞ്ഞു. ജില്ലയിൽ നിന്നുള്ള 600 പേരാണ് ഇവിടെ ജോലി ചെയ്യുക. ഇതിൽ നൂറിലധികം പേർ മാൾ സ്ഥിതി ചെയ്യുന്ന ആക്കുളത്തിന് അഞ്ച് കിലോമീറ്റർ പരിധിയിലുള്ളവരാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 3,500 ലധികം വാഹനങ്ങൾക്ക് പാർക്ക് ചെയ്യാവുന്ന എട്ട് നിലകളിലായുള്ള മൾട്ടിലെവൽ പാർക്കിംഗ് സംവിധാനവും മാളിന്‍റെ പ്രത്യേകത. 3000 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

കേരളത്തിലെ മത്സ്യത്തൊഴിലാളികളിൽ നിന്നു നേരിട്ടു മീൻ ശേഖരിച്ചാണു കയറ്റി അയയ്ക്കുക. കളമശേരിയിൽ 250 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഫുഡ് പാർക്ക് 2023 ഡിസംബറിൽ പൂർത്തിയാകും. തിരുവനന്തപുരത്ത് വിഴിഞ്ഞം തുറമുഖം നിർമാണം പൂർത്തിയാകുമ്പോഴേക്കും ഇലക്ട്രോണിക് അസംബ്ലിങ് ഹബ് തുടങ്ങും. ഇതിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ ഉടൻ തയാറാകും.

Scroll to Top