മുപ്പതാം വിവാഹവാർഷികം ആഘോഷമാക്കി മാലാ പാർവതി ; വീഡിയോ

നാടക രം​ഗത്ത് നിന്നും സിനിമയിലേക്ക് എത്തിയ നടിയാണ് മാലാ പാർവതി. മലയാളത്തിൽ തുടങ്ങി ഇന്ന് തമിഴിലും തെലുങ്കിലും ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച് കഴിഞ്ഞു താരം. അഡ്വ.സി.വി ത്രിവിക്രമന്റെയും ഗൈനക്കോളജിസ്റ്റ് ഡോ.കെ ലളിതയുടെയും മകളായി തിരുവനന്തപുരത്താണ് പാർവതി ജനിച്ചത്. ഏഷ്യാനെറ്റിലെ ഉൾക്കാഴ്ച എന്ന പ്രോഗ്രാമിലൂടെയാണ് കരിയർ ആരംഭിക്കുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെ 2007 ലാണ് പാർവതി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.ഇമ്മാനുവൽ, ഞാൻ, ഓം ശാന്തി ഓശാന, കൊന്തയും പൂണുലും, ലാൽ ബഹദൂർ ശാസ്ത്രി, ടമാർ പടാർ, ഒരു വടക്കൻ സെൽഫി, സാൾട്ട് മാംഗോ ട്രീ, ആൻഡ് ദ ഓസ്കാർ ഗോസ്റ്റു, ബ്രദേഴ്സ് ഡേ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, മാമാങ്കം എന്നു തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു.

സി-ഡിറ്റിൽ ഉദ്യോ​ഗസ്ഥനായ ബി.സതീശനാണ് മാലാ പാർവതിയുടെ ജീവിത പങ്കാളി. ഇരുവരും ഇക്കഴിഞ്ഞ ദിവസമാണ് ദാമ്പത്യ ജീവിതത്തിന്റെ മുപ്പതാം വാർഷികം ആഘോഷിച്ചത്.ഇതിനു മുമ്പുള്ള വർഷങ്ങളിൽ ഭർത്താവിന്റെ സുഹൃത്തുക്കളെ ഒഴിവാക്കിയായിരുന്നു ആഘോഷം നടത്തിയിരുന്നതെന്നും ഇത്തവണ അത് പാടില്ലെന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും മാലാ പാർവതി പറഞ്ഞു.ഭർത്താവ് സതീശന്റെ അടുത്തസുഹൃത്തുക്കളെ എല്ലാവരെയും തന്നെ 30 ാം വിവാഹവാർഷികാഘോഷത്തിനായി മാലാ പാർവതി ക്ഷണിച്ചിരുന്നു. സതീശൻ അറിയാതെ വലിയൊരു പാർട്ടി തന്നെയാണ് നടി ഒരുക്കിയത്.

പാർവതി തന്നെയാണ് വിവാഹ വാർഷിക ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഇരുവർക്കും അനന്ദകൃഷ്ണൻ എന്നൊരു മകനാണ് ഉള്ളത്.’30 വർഷത്തിൽ എനിക്ക്…. സതീശന് നൽകാൻ കഴിഞ്ഞ ഒരു സമ്മാനം…. അതിരില്ലാത്ത… അളക്കാനാവാത്ത… ഉപാധികളില്ലാതെ തരുന്ന കരുതലിന്… ഒരു കുഞ്ഞു സമ്മാനം… സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും മുപ്പത് വർഷം. ഞാൻ അദ്ദേ​ഹത്തെ കൂടുതൽ അറിയുന്തോറും ഞാൻ അദ്ദേഹവുമായി കൂടുതൽ പ്രണയത്തിലാകുന്നു. നിങ്ങൾ നിങ്ങളായി തുടരുന്നതിന് നന്ദി…’ ഭർത്താവിന് ആശംസകൾ നേർന്ന് പാർവതി കുറിച്ചു.സിനിമാ രം​ഗത്ത് നിന്നടക്കം നിരവധി പേർ ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നു.

Scroll to Top