‘സിജു അദ്ഭുതപ്പെടുത്തി, മലയാള സിനിമയുടെ വാ​ഗ്ദാനമാകുമെന്ന് ഉറപ്പ്’ ; അഭിനന്ദനവുമായി മേജർ രവി

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്. സിജു വിത്സനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത ചിത്രത്തെ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു.പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ കഥയാണ് സിനിമ പറയുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കരായിട്ടാണ് സിജു അഭിനയിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ നിർമ്മിക്കുന്നത്.കയാദു ലോഹര്‍ ആണ് പത്തൊമ്പതാം നൂറ്റാണ്ടിൽ നായികയായി എത്തിയത്.
നിരവധി പേരാണ് സിജുവിനെയും വിനയനെയും പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തുന്നത്.

ഇപ്പോഴിതാ സിജുവിനെ കുറിച്ച് സംവിധായകനും നടനുമായ മേജർ രവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. സിനിമ കണ്ടിറങ്ങിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വളരെ മനോഹരമായി കണ്ടിരിക്കാവുന്ന ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ടെന്ന് അദ്ദേഹം പറഞ്ഞു.സിജു എന്ന നടനെ വെച്ച് വിനയൻ എന്ന സംവിധായകൻ എടുത്ത ഉദ്യമവും സിജു അതിനോട് പുലർത്തിയ നീതിയുമാണ് എടുത്തുപറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രതീക്ഷിക്കാത്ത തരത്തിലുള്ള പ്രകടനമാണ് സിജു കാഴ്ചവെച്ചത്. സിജു ശരിക്കും അദ്ഭുതപ്പെടുത്തി. മലയാള സിനിമയ്ക്ക് നല്ലൊരു വാ​ഗ്ദാനമാണ് സിജു എന്നത് ഉറപ്പാണെന്നും മേജർ രവി പറഞ്ഞു.

നമുക്ക് പുതിയൊരു നായകനെ കിട്ടുക എന്നുപറയുന്നത് സംവിധായകർക്കും നിർമാതാക്കൾക്കും ആളുകൾക്കുമെല്ലാം സന്തോഷമാവും. ഒരു ദാരിദ്ര്യം മാറിക്കിട്ടും. വിനയന്റെ ഏതുപടമെടുത്താലും കഠിന പരിശ്രമം കാണാനാവും. തട്ടിക്കൂട്ട് പടമൊന്നും ആയിരിക്കില്ല. കലാസംവിധാനവും ആക്ഷനും സമ്മതിക്കണം. എല്ലാവരും നന്നായിത്തന്നെ ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മേജർ രവിയുടെ പ്രശംസനത്തിന് നന്ദി അറിയിച്ചുകൊണ്ട് സിജുവും രംഗത്തെത്തിയിട്ടുണ്ട്.

Scroll to Top