ഭാഷയുടെ മാറ്റം മനസിലാക്കി സംസാരിക്കാൻ കഴിയുന്ന കൊച്ചിയുടെ പുയ്യാപ്ലയാണ് മമ്മൂക്ക : അമൽ നീരദ്.

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം തീയേറ്ററുകളിൽ ഇന്നലെ റിലീസ് ആയി.തീയേറ്ററുകളിൽ ആരാധകരുടെ ആവേശതിരയാണ്.പ്രശസ്ത സംവിധായകൻ അമൽ നീരദ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒരുക്കുന്ന ഈ ചിത്രത്തിൽ നീട്ടി വളർത്തിയ മുടിയും കട്ടി താടിയുമായി ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിലെ ഭീഷ്മ വർദ്ധൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നതും. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന ചിത്രം ആയതു കൊണ്ട് തന്നെ ഭീഷ്മ പർവ്വത്തിൽ ഉള്ള പ്രേക്ഷക പ്രതീക്ഷ വളരെ വലുതായിരുന്നു.ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഇദ്ദേഹത്തിന്റെ വാക്കുകളാണ്.

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇദ്ദേഹം സംസാരിക്കുന്നത് ഇങ്ങനെ,കേരളത്തിൽ 1988 കാലഘട്ടത്തിൽ നടക്കുന്ന കഥയാണു ഭീഷ്മപർവം എങ്കിലും ഈ ചിത്രം സമർപ്പിച്ചിരിക്കുന്നത് അടുത്തയിടെ കോട്ടയത്തു ദുരഭിമാനക്കൊലയ്ക്ക് ഇരയായ കെവിനും അദ്ദേഹത്തിന്റെ വിധവ നീനുവിനുമാണ്. ‘വരത്തൻ’ പോലെ ഇതും കാലികമായ ഒരു സാമൂഹികപ്രശ്നമാണ് കൈകാര്യം ചെയ്യുന്നത്. സമാനമായ ഒരു കഥാസാഹചര്യമാണ് ഈ ചിത്രത്തിലേതും. അതേസമയം, ഹീറോയിസമുള്ള ഒരു പോപ്പുലർ സിനിമ തന്നെയാണിത്.കണ്ണമാലി, കുമ്പളങ്ങി, എഴുപുന്ന തുടങ്ങിയ ഭാഗങ്ങളിലാണ് ഈ ചിത്രം ഷൂട്ട് ചെയ്തത്. 1988 കാലഘട്ടം റിക്രീയേറ്റ് ചെയ്യാൻ അൽപം അധ്വാനം കൂടുതൽ വേണ്ടിവന്നു. കാലഘട്ടത്തിനു ചേരാത്തതു പലതും കണ്ടെത്തി കംപ്യൂട്ടർ ഗ്രാഫിക്സിന്റെ സഹായത്തോടെ നീക്കം ചെയ്യാനും നല്ല സമയമെടുത്തു.

90 ദിവസമായിരുന്നു ഷൂട്ട്. ബിഗ് ബിയിൽ മമ്മൂട്ടിയുടെ കഥാപാത്രമായ ബിലാൽ സംസാരിക്കുന്ന കൊച്ചി ഭാഷയല്ല, ഭീഷ്മപർവത്തിലെ മൈക്കിൾ എന്ന കഥാപാത്രത്തിന്റേത്. വൈപ്പിനിലെയും കുമ്പളങ്ങിയിലെയും ഭാഷയുടെ മാറ്റം മനസ്സിലാക്കി സംസാരിക്കാൻ കഴിയുന്ന കൊച്ചിയുടെ പുയ്യാപ്ലയാണു മമ്മുക്ക.ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ ഹീറോയിസമുണ്ട്, നാദിയ മൊയ്തുവിന്റെ ഹീറോയിസമുണ്ട്. സൗബിൻ ഷാഹിറിന്റെയും ശ്രീനാഥ് ഭാസിയുടെയും വില്ലനായി അഭിനയിക്കുന്ന ഷൈൻ ടോം ചാക്കോയുടെയും വീണ നന്ദകുമാറിന്റെയും അനഘയുടെയുമെല്ലാം ഹീറോയിസമുണ്ട്. സിനിമയിലെ കഥാപാത്രങ്ങൾക്കെല്ലാം കൃത്യമായ വ്യക്തിത്വവും രൂപവും നൽകാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.എന്റെ സിനിമയുടെ കാസ്റ്റിങ് ഡയറക്ടറും ഞാൻ തന്നെയാണ്. ഒരാൾക്കും ആ ജോലി വിട്ടുനൽകുകയുമില്ല.

ഓരോ കഥാപാത്രത്തിന്റെയും രൂപവും മാനറിസങ്ങളും ആദ്യം മനസ്സിലാണല്ലോ വരിക. അതിനു പറ്റിയവരെ ആ റോൾ ഏൽപിക്കുകയാണ് ചെയ്യാറ്.എന്റെ ഗുരുവായ ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ മുൻപു ‘ദ് വീക്ക്’ വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ ഇങ്ങനെയൊരു ചോദ്യമുണ്ട്. ഒട്ടേറെപ്പേർക്കു ബ്രേക്ക് നൽകിയല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്നത്, ഞാനാർക്കും ബ്രേക്ക് നൽകിയില്ല, പകരം അവരുടെയൊക്കെ ടാലന്റ് ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നാണ്. സിനിമ പഠിച്ചു തിരിച്ചെത്തിയ എനിക്ക് ആദ്യമായി അവസരം നൽകിയത് അദ്ദേഹമായിരുന്നു. അദ്ദേഹം അന്നു പറഞ്ഞതു മാത്രമേ ഞാനും ആവർത്തിക്കുന്നുള്ളൂ. ആർക്കും അവസരം നൽകാനായി ഒന്നും ചെയ്യുന്നില്ല. അവരുടെ കഴിവു പരമാവധി ഉപയോഗിക്കുക മാത്രമാണ്.

രണ്ടു കോവിഡ് തരംഗങ്ങളെ അതിജീവിച്ചാണ് ‘ഭീഷ്മപർവം’ പൂർത്തിയാക്കിയത്. ഓരോ സിനിമ കഴിഞ്ഞും അൽപം വിശ്രമിച്ച ശേഷമേ ഞാൻ അടുത്ത ചിത്രത്തെക്കുറിച്ച് ആലോചിക്കാറുള്ളൂ.അമൽ എന്നാൽ മാലിന്യമില്ലാത്തത് എന്നാണ്. ഗണപതിയുടെ പര്യായം കൂടിയാണ് (ചിരിക്കുന്നു). നീരദ് എന്നാൽ, നീരദം, മേഘം എന്നൊക്കെയാണ് അർഥം. എന്റെ അച്ഛൻ (മഹാരാജാസ് കോളജ് മുൻ അധ്യാപകനും സാഹിത്യകാരനുമായ സി.ആർ. ഓമനക്കുട്ടൻ) ‘കുട്ടികൾക്കുള്ള 5001 പേരുകൾ’ എന്നൊരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആ പുസ്തകം ഇറക്കും മുൻപൊരു ടെസ്റ്റ് ഡോസായിരുന്നു എന്റെയീ പേര്.

Scroll to Top