‘വഴക്ക് പറയാനെങ്കിലും എഴുന്നേറ്റ് വാ അമ്മ’; ലളിതാമ്മയെ ഓർത്ത് വിതുമ്പി മഞ്ജു പിള്ള

മലയാള സിനിമയ്ക്ക് തീരാവേദന നല്‍കി കൊണ്ട് കെപിഎസി ലളിതയും ഓര്‍മ്മയായി.മരണ വിവരം അറിഞ്ഞ് പേട്ടയിലെ ഫ്ലാറ്റിലേയ്ക്ക് ആദ്യം എത്തിയ സഹവർത്തകയാണ് മഞ്ജു പിള്ള. ‘അവസാനം കാണുമ്പോൾ മകളെ വഴക്കു പറയാനെങ്കിലും എഴുന്നേറ്റു വാ അമ്മേ’ എന്നു പറഞ്ഞതാണ്. ഞങ്ങൾ ആദ്യം കാണുമ്പോൾ ‘എന്റെ ശ്രീക്കുട്ടിയെ പോലെ തന്നെയുണ്ട്’ എന്നു പറഞ്ഞു സ്വന്തം മകളാക്കിയതാണ് . ‘അടുത്തുണ്ടായിരുന്നതിനാൽ വിവരം അറിഞ്ഞ ഉടൻ എത്താനായി. ഇത് നമുക്ക് ഒന്നും ചെയ്യാൻ പറ്റുന്ന കാര്യമല്ലല്ലോ? കൂടുതലൊന്നും പറയാൻ പറ്റുന്നില്ല’ ;നടി മഞ്ജു പിള്ളയ്ക്കു വാക്കുകൾ പകുതിയിൽ മുറിഞ്ഞു.

സിനിമയ്ക്കപ്പുറവും എന്നും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്ന അമ്മ മക്കളെ വഴക്ക് പറയും പോലെ വഴക്ക് പറയുമായിരുന്നെന്നും മഞ്ജു പിള്ള പറഞ്ഞു. അവസാനമായി കാണുമ്പോഴും തന്നെ വഴക്ക് പറയാനായെങ്കിലും എഴുന്നേറ്റ് വാ അമ്മ എന്നാണ് പറഞ്ഞത്.കരൾ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന കെപിഎസി ലളിത ഇന്ന് രാത്രി 11 മണിയോടെ തൃപ്പൂണിത്തറയിലെ സ്വവസതിയിലാണ് അ ന്തരിച്ചത്. നിരവധി ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സ്വയം വരം, അനുഭവങ്ങൾ പാളിച്ചകൾ, ചക്രവാളം, കൊടിയേറ്റം, പൊൻമുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദർ, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 550ലേറെ സിനിമകളിൽ അഭിനയിച്ചു.

യഥാർത്ഥ പേര്-മഹേശ്വരി അമ്മ. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. 1978-ൽ ചലച്ചിത്ര സംവിധായകൻ ഭരതൻറെ സഹധർമ്മിണിയായി. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

Scroll to Top