മതിലുകളിലെ നാരായണിയെ പോലെയാണ് ലളിത ചേച്ചി,ലേഡി മോഹൻലാൽ എന്ന വിശേഷണം : വൈറൽ കുറിപ്പ്.

സോഷ്യൽ മീഡിയയിൽ വൈറലാകുന്ന സന്ദീപ് ദാസിന്റെ പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,കെ.പി.എ.സി ലളിതയ്ക്ക് മ രിക്കാനാവുമോ? ഇല്ല എന്നാണ് എൻ്റെ ഉറച്ച വിശ്വാസം.ഒരു മനുഷ്യന് ഉണ്ടാവുന്ന സകല വികാരങ്ങളെയും ലളിത സ്ക്രീനിൽ കൊണ്ടുവന്നിട്ടുണ്ട്. ആ മുഖത്ത് വിരിയാത്ത ഭാവങ്ങളില്ല. അവർക്ക് വഴങ്ങാത്ത ശരീരഭാഷകളില്ല. ലളിത എന്ന അഭിനേത്രിയുടെ ശബ്ദനിയന്ത്രണത്തിന് സമാനതകളില്ല. അങ്ങനെയുള്ള ഒരാൾക്ക് മ രിക്കാനാവുമോ? മലയാള സിനിമ നിലനിൽക്കുന്നിടത്തോളം കാലം ലളിതയും ജീവിച്ചിരിക്കില്ലേ? ലളിത ചെയ്തുവെച്ച കഥാപാത്രങ്ങൾ അവർക്കുവേണ്ടി സംസാരിച്ചുകൊണ്ടിരിക്കില്ലേ? കേളി എന്ന സിനിമയിൽ ലളിത അവതരിപ്പിച്ച കഥാപാത്രം ഒരു ഭിന്നശേഷിക്കാരൻ്റെ അമ്മയായിരുന്നു. മകൻ ഓടക്കുഴൽ വായിച്ചുകൊണ്ടിരിക്കുന്ന സീനിൽ ആ അമ്മ പറയുന്നുണ്ട്- ”എത്ര നാളായി എൻ്റെ കുട്ടി ഇതൊന്ന് വായിക്കണ കേട്ടിട്ട്…!” ഇത്രയും പറഞ്ഞ് കണ്ണുനീർ തുടച്ച് അവർ മകൻ്റെ അടുത്തിരിക്കുന്നുണ്ട്.

മകൻ്റെ പുല്ലാങ്കുഴലിൽനിന്ന് പൊഴിയുന്ന സംഗീതം പോലെയാണ് അവരുടെ മിഴികൾ നിറഞ്ഞൊഴുകുന്നത്… അതുപോലൊരു സാധുവായ അമ്മയ്ക്ക് ജീവൻ കൊടുത്ത ലളിത തന്നെയാണ് അമരത്തിലെ മാധവിയുടെ വേഷം ചെയ്തത്. ചീ ത്തവിളിച്ച് കണ്ണുപൊട്ടിക്കുന്ന മാധവി! അല്ലെങ്കിൽത്തന്നെ ആ മഹാപ്രതിഭയ്ക്ക് എന്താണ് വഴങ്ങാത്തത്? മതിലുകളിലെ നാരായണി തൻ്റെ സ്വരം കൊണ്ട് പ്രണയത്തിൻ്റെ പുതിയ തലങ്ങൾ കണ്ടെത്തി… ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം എന്ന സിനിമയിൽ കുടുകുടാ ചിരിപ്പിച്ചു… സദയത്തിലൂടെ വെറുപ്പിച്ചു… കനൽക്കാറ്റിലൂടെ ക രയിച്ചു… യഥാർത്ഥ ജീവിതത്തിൽ പരമസാധുവായ ഒരു സ്ത്രീയായിരുന്നു ലളിത. സ്വന്തം മക്കൾ ശബ്ദം ഉയർത്തി സംസാരിച്ചാൽ പോലും പ രിഭ്രമിച്ചുപോകുന്ന സ്വഭാവം. അങ്ങനെയുള്ള ഒരാളാണ് ക്യാമറയ്ക്കുമുമ്പിൽ ഭ യങ്കരിയായി പ രിണമിക്കാറുള്ളത്. അതല്ലെങ്കിൽ പിന്നെ എന്താണ് പ രകായപ്രവേശം!? ഒരു ഭാവത്തിൽ നിന്ന് മറ്റൊരു ഭാവത്തിലേയ്ക്ക് മാറാൻ ഒരു നിമിഷത്തിൻ്റെ നൂറിലൊന്നുപോലും ലളിതയ്ക്ക് വേണ്ടിവരാറില്ല. വാൽക്കണ്ണാടി പോലുള്ള സിനിമകൾ അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

ലേഡി മോഹൻലാൽ എന്ന് പലരും ലളിതയെ വിശേഷിപ്പിക്കാറുണ്ട്. നേരേ തിരിച്ചും പറയാമല്ലോ. പുരുഷൻമാരിലെ ലളിതയാണ് മോഹൻലാൽ എന്നും വിലയിരുത്താം. അതിൽ മോഹൻലാലിന് അഭിമാനമേ ഉണ്ടാകൂ. ഇത്രയേറെ സ്വാഭാവികമായി അഭിനയിക്കുന്ന മറ്റൊരു നടി ഇന്ത്യൻ സിനിമയിൽ ഇല്ല എന്ന് ലാൽ ഒരിക്കൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. ബ്ലാക് & വെെറ്റ് കാലഘട്ടത്തിൽ അഭിനയം തുടങ്ങിയ ഒട്ടുമിക്ക അഭിനേതാക്കളിലും നാടകീയത നിറഞ്ഞുനിന്നിരുന്നു. ലളിത അങ്ങനെയായിരുന്നില്ല. അവർ നാച്ചുറൽ ആക്റ്റിങ്ങിൻ്റെ അവസാന വാക്കായിരുന്നു. മതിലുകളിലെ നാരായണിയെപ്പോലെയാണ് ലളിതയും. അവരുടെ അടയാളം ലോകത്തെല്ലായിടത്തുമുണ്ട്! ലളിതയ്ക്ക് മ രണം വിധിച്ചിട്ടില്ല. അനശ്വരതയാണ് അവരുടെ യോഗം. എങ്കിലും മനസ്സിലൊരു നീറ്റൽ പടരുന്നുണ്ട്. മനസ്സിനക്കരെയിൽ ലളിതയുടെ കഥാപാത്രം പറയുന്ന ഡയലോഗാണ് ഓർമ്മവരുന്നത്- ”നാളെ ഞാൻ പോവും. പോവുമ്പൊ എൻ്റെ മുന്നിലൊന്നും വന്ന് നിന്നേക്കരുത്…!” പ്രിയപ്പെട്ട ലളിതച്ചേച്ചീ,നിങ്ങൾ പോവുമ്പോൾ മുന്നിൽ വന്ന് നിൽക്കാനുള്ള ധൈര്യം ഞങ്ങൾക്കില്ല. പോയി എന്ന് ഞങ്ങൾ വിശ്വസിക്കുകയുമില്ല.

FACEBOOK POST

Scroll to Top