മമ്മൂക്ക ഇടപെട്ട് കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമാക്കി: മനോജ്

സിനിമാ–സീരിയല്‍ നടൻ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താനുള്ള സൗകര്യം ഒരുക്കി നടൻ മമ്മൂട്ടി.നടൻ മനോജ് ആണ് ഇ വിവരം തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെച്ചത്.സീരിയൽ ഷൂട്ടിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം ഷായ്ക്ക് വിദഗ്ധ പരിശോധനയിൽ ഹൃദയശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തുകയായിരുന്നു.മനോജ് ആണ് മെസ്സേജ് അയച്ച് മമ്മൂട്ടിയെ ഷായുടെ വിവരം അറിയിക്കുന്നത്. തുടർന്ന് മനോജിനെ ഫോണിൽ വിളിച്ച് ഷായുടെ ചികിത്സയ്ക്ക് വേണ്ട സഹായം ചെയ്യാം എന്ന് മമ്മൂട്ടി പറയുകയായിരുന്നു.‘‘ഇരട്ടി മധുരം പോലെ രണ്ടു സന്തോഷമാണ് എനിക്ക് ഉണ്ടായത്. അതിൽ ഒരു കാര്യം ജീവിതത്തിൽ ആദ്യമായി എന്റെ ഫോണിലേക്ക് മമ്മൂക്കയുടെ കോൾ വന്നതാണ്. എന്റെ ഫോണിൽ മമ്മൂക്ക എന്ന് സേവ് ചെയ്തു വച്ച നമ്പറിൽ നിന്നുംആദ്യമായിട്ടാണ് ഒരു വിളി വരുന്നത്.

മമ്മൂക്കയോടൊപ്പം ‘സ്നേഹമുള്ള സിംഹം’ എന്ന സിനിമയിൽ വർഷങ്ങൾക്ക് മുൻപ് അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സുഖമോ ദേവി എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു നെഞ്ചുവേദന വന്നു. തിരുവനന്തപുരത്തുള്ള ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അദ്ദേഹത്തിന് ഹൃദയത്തിൽ നാല് ബ്ലോക്ക് ഉണ്ട് എന്നാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചത്.അദ്ദേഹം “മനോജേ” എന്ന് വിളിച്ചു, ഞാൻ മറുപടി പറയാൻ കഴിയാതെ നിൽക്കുകയാണ്. ‘‘മനോജ് ഷായുടെ കാര്യം പറഞ്ഞിരുന്നല്ലോ, ഞാൻ ആശുപത്രിയിൽ വിളിച്ചു പറയാം വേണ്ട കാര്യങ്ങൾ അവർ ചെയ്തു തരും’’.–മമ്മൂക്ക പറഞ്ഞു.

അന്ന് രാത്രി തന്നെ അദ്ദേഹം ആശുപത്രിയിൽ വിളിച്ചു പറഞ്ഞു, ഷാ ഇക്കയുടെ ചികിത്സ മുഴുവൻ സൗജന്യമായി. ജീവിതത്തിൽ ആദ്യമായി ഈ സിംഹത്തിന്റെ കോൾ എന്റെ ഫോണിലേക്ക് വന്നത് ഒരിക്കലും മറക്കില്ല. അദ്ദേഹം ശരിക്കും സ്നേഹമുള്ള സിംഹം തന്നെയാണ്. ഷാ ഇക്കയുടെ ഹൃദയ ശസ്ത്രക്രിയ 27 ജൂണിന്‌ ആശുപത്രിയിൽ നടന്നു. അദ്ദേഹത്തിനു വേണ്ടി എല്ലാവരുടെയും പ്രാർഥന ഉണ്ടാകണം.’’– മനോജ് പറയുന്നു.കൊല്ലം ഷായുടെ ശസ്ത്രക്രിയയ്ക്കു വേണ്ടിവരുന്ന ഭീമമായ തുക കണ്ടെത്താൻ വിഷമിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തെ സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയും സീമാ ജി. നായരും പണം കൊടുത്ത് സഹായിച്ചിരുന്നു എന്ന് മനോജ് പറഞ്ഞു.ശസ്ത്രക്രിയ നടത്താനുള്ള ചെലവ് നേരിടാൻ ഇപ്പോഴത്തെ അവസ്ഥയിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് സാധിക്കില്ല.

ഞങ്ങളുടെ സീരിയൽ കുടുംബത്തിൽ അത് ചർച്ച ചെയ്തിരുന്നു.ഗ്രൂപ്പിൽ ഉള്ള ഷാജി തിരുമല എന്ന പ്രൊഡക്‌ഷൻ കൺട്രോളർ ആണ് ഷാ ഇക്കായ്ക്ക് വേണ്ടി ഓടി നടക്കുന്നതെന്നും മനോജ് പറഞ്ഞു.സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റ് കെ.ബി. ഗണേഷ് കുമാർ ജനറൽ സെക്രട്ടറി ദിനേശ് പണിക്കർ എന്നിവർ സംഘടനയിൽ നിന്ന് 25000 രൂപ ഉടൻ തന്നെ പാസാക്കി ഷായ്ക്ക് കൊടുത്തിരുന്നു.ഇത്രയുമൊക്കെ ഞങ്ങൾ ചെയ്‌തെങ്കിലും ഇതിന്റെ ചെലവ് ഭീകരമായതുകൊണ്ട് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. അങ്ങനെയാണ് ഷാജി തിരുമലയോടും കൂടി ചോദിച്ച് മമ്മൂക്കയെ വിവരമറിയിച്ചത്. അങ്ങനെ ഷാ ഇക്കയുടെ ഫോട്ടോയും ബാക്കി വിവരങ്ങളും കൂടി ഞാൻ മമ്മൂക്കയ്ക്ക് അയച്ചു.

Scroll to Top