‘കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്; വീട്ടിൽക്കയറി തല്ലും’; മുന്നറിയിപ്പ് ബോർഡ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒരു വിവാഹം നടക്കുക എന്നത് പലപ്പോഴും പല പ്രശ്നങ്ങൾക്ക് ഒടുവിലാകും നടക്കുക. വിവാഹം നടക്കാൻ പല നാട്ടിലും പല ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇപ്പോഴിതാ ഒരു നാട്ടിൽ നാട്ടുകാർ പങ്കുവെച്ച ബോർഡാണ് സോഷ്യൽ മീഢിയയിൽ വൈറലാകുന്നത്. ‘കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്, ആളെ തിരിച്ചറിഞ്ഞാൽ അത് ആരാണേലും വീട്ടിൽ കയറി തല്ലും’. മുന്നറിയിപ്പ് ബോർഡുമായി ഒരു കൂട്ടം യുവാക്കൾ.ആനപ്പടി യുവാക്കളുടേത് എന്ന പേരിലാണ് പോസ്റ്റർ പ്രചരിക്കുന്നത്. നിരവധിപ്പേരാണ് ഇത് പങ്കുവെച്ചിരിക്കുന്നത്.

‘കല്യാണ മുടക്കികളായ നാറികളുടെ ശ്രദ്ധയ്ക്ക് നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക. ആളെ തിരിച്ചറിഞ്ഞാൽ ആളിന്റെ പ്രായം, ജാതി, രാഷ്ട്രീയം. ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്. അത് ഏത് സുഹൃത്തിന്റെ പിതാവായാലും. തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇവിടെ ഫോട്ടോ വരാതെ സൂക്ഷിക്കുക. നിങ്ങൾക്കും വളർന്നു വരുന്ന മക്കളും കൊച്ചു മക്കളുമുണ്ടെന്ന് ഓർക്കുക. ആനപ്പടി യുവാക്കൾ. ഇത്രയുമാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്’.

‘ഇതുപോലെ എല്ലാ നാട്ടിലും വരണം’, ‘ഇങ്ങനെ ഒരു താക്കീത് നല്ലതാണ്’, ‘ഏറ്റവും മികച്ച മുന്നറിയിപ്പ്’ തുടങ്ങിയ തലക്കെട്ടുകളോടെയാണ് ഈ പോസ്റ്റർ ഇപ്പോൾ പങ്കുവയ്ക്കുന്നത്.

Scroll to Top