പണിയെടുക്കുന്ന പെണ്ണുങ്ങളാണ് സുന്ദരികൾ, കൈവിരലുകൾ ഭംഗിയില്ലാത്തതിനാൽ ഷൂട്ട് നഷ്ടപ്പെട്ടപ്പോൾ : വൈറൽ കുറിപ്പ്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് മീനുവിന്റെ ഫേസ്ബുക് പോസ്റ്റാണ്. കണ്മഷി എന്ന ഫേസ്ബുക് അക്കൗണ്ടിലൂടെ തന്റെ ജീവിതകഥകൾ പങ്കുവെക്കാറുണ്ട്.ഇപ്പോഴിത വൈറൽ ആകുന്നത് തനിക്ക് വന്ന മെസ്സേജും അതിന് മീനുവിന് പറയാനുള്ള മറുപടിയുമാണ്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ, “സുന്ദരിയാണ്…. എന്ത് ഭംഗിയാ ചിരിയും കണ്ണുകളും കാണാൻ… ചേച്ചിനോട് എനിക്ക് വെല്ല്യ കുശുമ്പ് തോന്നാറുണ്ട് “..ചേച്ചിയെ ഒരുപാട് പ്രണയിക്കുന്നൊരാൾ കൂടെയുണ്ടെന്നു ഓരോ വരികളിലും വായിച്ചറിയുമ്പോൾ അതുപോലെ ഒരാൾ കൂടെയുണ്ടായിരുന്നെങ്കിൽ ഞാനും സന്തോഷം കൊണ്ട് സുന്ദരിയായി ഇരുന്നേനെ “” ഇന്നലെ ഒരു ഫേസ്ബുക് ഫ്രണ്ട് അയച്ച മെസ്സേജ് ആണ്..20 വയസു പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി… ജീവിക്കുന്നെങ്കിൽ ചേച്ചീനെ പോലെ ജീവിക്കണം.. ജീവിതം ആഘോഷമാക്കിയിട്ടെന്ന് ആ കുട്ടി പറഞ്ഞപ്പോൾ മാത്രം ആണ് ജീവിതം ഞാൻ ഇത്ര മനോഹരമായി ആഘോഷിക്കുന്ന കാര്യം ഞാൻ ആലോചിച്ചത്… പ്രിയപ്പെട്ട പെൺകുട്ടി…. നീ പറഞ്ഞത് പോലെ ഞാൻ സുന്ദരിയാണെങ്കിൽ അതിനു കാരണം എന്റെ പ്രണയമല്ല …

ഒരിക്കലും ഒരു പ്രണയം മാത്രം നമുക്ക് സന്തോഷങ്ങൾ സമ്മാനിക്കില്ല..തൂവലുകൾ പൊഴിഞ്ഞു പോയ ചിറകിൽ പറക്കാൻ തുടങ്ങിയവൾ ആണ് ഞാൻ…ഒറ്റയ്ക്ക് നെയ്തെടുത്തതാണ് എന്റെ ഓരോ തൂവലുകളും…. എന്റെ ഭംഗിയും എന്റെ ആത്മവിശ്വാസവും എന്റെ മാത്രം അധ്വാനം ആണ്…. കൈവിരലുകൾ ഭംഗിയില്ലാത്തതിനാൽ ഒരിക്കൽ ഒരു ജ്വല്ലറി ഷൂട്ട്‌ നു അവസരം നഷ്ടപ്പെട്ടപ്പോൾ “”കൈകളും വിരലുകളും ഒക്കെ സംരക്ഷിക്കണ്ടേ.. ഒരു മോഡൽ അല്ലെ”” ന്നു ഫ്രീ ആയി ഉപദേശം തന്ന ഫോട്ടോഗ്രാഫർ ചേട്ടനോട് ഒന്നും പറയാതെ ചിരിച്ചു കൊണ്ട് സ്റ്റുഡിയോ യിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ മോഡലിംഗ് എന്താണെന്നു പോലും അറിയാത്ത ഒരു പതിനേഴുവയസുകാരി പെൺകുട്ടി തലയിൽ വിറകുകെട്ടും കൊണ്ട് കാടിറങ്ങി വരുന്നൊരു കാഴ്ചയായിരുന്നു…

വെട്ടുകത്തി പിടിച്ചും, വെള്ളം കോരിയും, വെണ്ണീറിട്ടു പാത്രം വെളുപ്പിച്ചും ജീവിച്ചവളുടെ കൈകൾക്കു ഇത്ര ഭംഗിയൊക്കെ കാണു എന്ന് നമുക്കറിയാലോ… പറഞ്ഞു വന്നത് ഭംഗിയെകുറിച്ചാണ്… അതും എനിക്ക് പ്രിയപ്പെട്ട ആ പെൺകുട്ടിയോടാണ്… നീ ഇത് വായിക്കണം… കാൽചുവട്ടിലെ മണ്ണിൽ നിന്റെ കാൽപാദങ്ങളിൽ അമർത്തി ചവിട്ടി നിൽക്കാൻ കഴിയുമ്പോൾ മാത്രമേ നിനക്ക് തല ഉയർത്തിനില്കാൻ കഴിയൂ…നിന്റെ സമ്പാദ്യങ്ങളിൽ നിന്നും ചേർത്ത് വെച്ച നാണയങ്ങൾ കൊണ്ട് നീ വാങ്ങിയ ചാന്തിനും കരിമഷിക്കും മാത്രമേ നിന്നെ സുന്ദരിയാക്കാൻ കഴിയൂ…. പണിയെടുക്കുന്ന പെണ്ണുങ്ങളാണ് ഏറ്റവും സുന്ദരികൾ…. ഉറച്ച നട്ടെല്ലുള്ള.തഴമ്പിച്ച കൈകളുള്ള …ഉരുക്കിന്റെ നെഞ്ചുറപ്പുള്ള പെണ്ണുങ്ങളോടാണ് എനിക്ക് അസൂയ….. അവരുടെ മൂക്കിൻതുമ്പിലെ വിയർപ്പുത്തുള്ളികളെക്കാൾ മനോഹരമായ വൈരങ്ങൾ ഞാൻ കണ്ടിട്ടില്ല… നീയും നിന്റെ കണ്ണാടിക്കുമുന്നിൽ നിന്റെ മാത്രം സുന്ദരിയാകൂ…. പിന്നീടെല്ലാവരും പറഞ്ഞു തുടങ്ങും “നീയെത്ര സുന്ദരിയാണെന്ന്.. നിന്നോട് അസൂയ തോന്നുന്നുവെന്ന് ” മീനു

Scroll to Top