ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാകും ; മോദിയോടു ബൈഡൻ

യുഎസ് പ്രസിഡൻ്റായി സ്ഥാനമേറ്റ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ മഹാത്മാ ഗാന്ധിയുടെ സന്ദേശങ്ങള്‍ പങ്കുവെച്ച് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ. ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തിന് കരുത്തേറുകയാണെന്ന് ജോ ബൈഡന്‍. അതേ സമയം, ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരബന്ധം ശക്തിപ്പെടുത്തണമെന്ന ആവശ്യത്തിന് മോദി ഊന്നല്‍ നല്‍കി.കോവിഡ് -19 , അഫ്ഗാനിസ്ഥാൻ ഭരണമാറ്റം തുടങ്ങിയ കാര്യങ്ങള്‍ ഇരുവരും ചർച്ച ചെയ്തു.

“നമ്മൾ എന്താണ് ചെയ്യുന്നത് എന്നതിലുപരി നമ്മള്‍ എന്താണ് ആയിരിക്കുന്നത് എന്നതാണ് ഈ പങ്കാളിത്തത്തിൻ്റെ പ്രാധാന്യം. നമ്മള്‍ ആരാണ് എന്നതാണ് ചോദ്യം. ജനാധിപത്യമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനുള്ള ഉത്തരവാദിത്തം, വൈവിധ്യം കാത്തുസൂക്ഷിക്കാനുള്ള പ്രതിബദ്ധത, നാൽപതു ലക്ഷത്തോളം ഇന്ത്യൻ അമേരിക്കൻ വംശജരുടെ കുടുംബന്ധങ്ങള്‍ എന്നിനങ്ങനെ നിരവധി കാര്യങ്ങളിൽ വേരൂന്നുന്നതാണ് ഇത്.” അദ്ദേഹം പറഞ്ഞു. ഇതിനൊപ്പമായിരുന്നു ജനാധിപത്യത്തെ സംരക്ഷിക്കണമെന്ന ബൈഡൻ്റെ ആഹ്വാനം. “അടുത്തയാഴ്ച നാം മഹാത്മാ ഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുകയാണല്ലോ. അദ്ദേഹത്തിൻ്റെ അഹിംസാ, ബഹുമാനം, സഹിഷ്ണുത തുടങ്ങിയ സന്ദേശങ്ങള്‍ മറ്റെന്നത്തേക്കാളും ഇന്ന് പ്രാധാന്യം അര്‍ഹിക്കുന്നുണ്ട് എന്നാണ് ഇത് നമ്മെ ഓര്‍മിപ്പിക്കുന്നത്.” ബൈഡൻ പറഞ്ഞു.

‘ഇന്ത്യയിലെ ബൈഡന്‍ നാമധാരികളായവരെക്കുറിച്ച് താങ്കള്‍ എന്നോടു പറഞ്ഞിരുന്നല്ലോ. അന്നു മുതല്‍ അതേക്കുറിച്ച് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ചില രേഖകള്‍ ഞാന്‍ കൊണ്ടുവന്നിട്ടുണ്ട്. അത് ഉപകാരപ്പെടുമോ എന്നു നോക്കാം’ – ചിരിച്ചു കൊണ്ടു മോദി ഹിന്ദിയില്‍ പറഞ്ഞു. ഇത് ഇംഗ്ലിഷിലേക്കു തര്‍ജമ ചെയ്തതോടെ ബൈഡന്‍ പൊട്ടിച്ചിരിച്ചു.

ശരിക്കും രേഖകള്‍ കൊണ്ടുവന്നിട്ടുണ്ടോയെന്ന് ബൈഡന്‍ ആശ്ചര്യപ്പെട്ടതോടെ തലകുലുക്കി മോദി പുഞ്ചിരിച്ചു. ബൈഡന് ഇന്ത്യയില്‍ ബന്ധുക്കളുണ്ടെന്നു മോദി സ്ഥിരീകരിച്ചുവെന്നും റിപ്പോർട്ടുണ്ട്. 1972ല്‍ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുംബൈയില്‍നിന്ന് ഒരു ബൈഡന്‍ തനിക്ക് കത്തയച്ചിരുന്നുവെന്ന് ജോ ബൈഡന്‍ വെളിപ്പെടുത്തിയിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇയാന്‍ ബൈഡന്‍, സഹോദരി സോണിയ ഫ്രാന്‍സിസ് നീ ബൈഡന്‍, അമ്മ ആഞ്ജലീന ബൈഡന്‍, ഇയാന്റെ ഫസ്റ്റ് കസിന്‍ റൊവേന ബൈഡന്‍ എന്നിവരാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. 1972ല്‍ തനിക്ക് കത്തയച്ചുവെന്ന ബൈഡന്‍ പറഞ്ഞയാള്‍ ഇയാന്‍ ബൈഡന്റെ മുത്തച്ഛനായ ലെസ്‌ലി ബൈഡന്‍ ആണ്. ഇവര്‍ നാഗ്പുരിലാണു കഴിയുന്നത്. കത്തയച്ചത് മുംബൈയില്‍നിന്നായതിനാലാണ് ഇവര്‍ മുംബൈയിലാണെന്ന് ബൈഡന്‍ കരുതിയത്. മറുപടിക്കത്ത് ബൈഡന്‍ നാഗ്പുര്‍ വിലാസത്തിലാണ് അയച്ചത്.

യുഎസ് വൈസ് പ്രസിഡന്റായിരിക്കെ ഇന്ത്യയിലെ പ്രഥമ സന്ദര്‍ശനത്തില്‍ 2013 ജൂലൈ 24ന് മുംബൈയില്‍ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിനെ അഭിസംബോധന ചെയ്യവെ, എഴുതിത്തയാറാക്കിയ പ്രസംഗത്തില്‍നിന്നു വ്യതിചലിച്ച് ‘മുംബൈയില്‍നിന്നുള്ള ബൈഡന്‍’ വിഷയം അദ്ദേഹം പ്രതിപാദിച്ചു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാഗമായോ മറ്റോ ഇന്ത്യയിലെത്തി ജോലി ചെയ്തിരുന്ന പൂര്‍വികരുടെ പിന്‍ഗാമികളാകാം താനും മുംബൈയില്‍നിന്നുള്ള ബൈഡനുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം വാഷിങ്ടന്‍ ഡിസിയില്‍ നടത്തിയ പ്രസംഗത്തില്‍, ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന തങ്ങളുടെ പൂര്‍വികര്‍ ഒന്നാണെന്ന് ബൈഡന്‍ പറഞ്ഞു. 2015 സെപ്റ്റംബര്‍ 21ന് യുഎസ് – ഇന്ത്യ ബിസിനസ് കൗണ്‍സിലിനെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തില്‍ ‘പൂര്‍വ പിതാമഹന്‍ ഈസ്റ്റ് ഇന്ത്യ ടീ കമ്പനിയിലെ ബ്രിട്ടിഷ് ക്യാപ്റ്റനായിരുന്നു. ഇന്ത്യക്കാരിയെ വിവാഹം ചെയ്ത് ഇന്ത്യയില്‍ താമസിച്ചു’ എന്നും പറഞ്ഞിട്ടുണ്ട്. 5 ബൈഡന്‍മാര്‍ മുംബൈയിലുണ്ടെന്ന് തന്റെ മുംബൈയിലെ പ്രസംഗത്തിനുശേഷം ഒരു മാധ്യമ പ്രവര്‍ത്തകന്‍ അറിയിച്ചെന്ന കാര്യവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll to Top