റോഷനും അന്നയും പ്രണയ ജോഡികളായി ‘നൈറ്റ് ഡ്രൈവി’ലൂടെ വീണ്ടും എത്തുന്നു !!

മധുരരാജയ്ക്ക് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന നൈറ്റ് ഡ്രൈവ് മാര്‍ച്ച് പതിനൊന്നിന് തീയറ്ററുകളിലെത്തും.ബജറ്റ് സിനിമകളുടെ സംവിധായകൻ എന്ന അറിയപ്പെടുന്ന വൈശാഖ് വമ്പൻ താരനിരയുടെ അകമ്പടി ഇല്ലാതെ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് നൈറ്റ് ഡ്രൈവ്.പതിവ് ഫോർമാറ്റിൽ നിന്നും മാറി യൂത്തിനു പ്രാധാന്യം നൽകിയാണ് ഇത്തവണ വൈശാഖ് എത്തുന്നത്. കപ്പേളക്ക് ശേഷം അന്നാ ബെന്നും റോഷന്‍ മാത്യവും വീണ്ടും ജോഡികളാകുന്ന ചിത്രം കൂടിയാണ് നൈറ്റ് ഡ്രൈവ്. റോഷൻ മാത്യു, അന്ന ബെൻ, ഇന്ദ്രജിത് സുകുമാരൻ തുടങ്ങിയവർക്ക് ഒപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളായ സിദ്ദിഖ്,രഞ്ജി പണിക്കർ,കലാഭവൻ ഷാജോൺ, പ്രശാന്ത് അലക്സാണ്ടർ,സുധീർ കരമന, സുരഭി സന്തോഷ്, ശ്രീവിദ്യ മുല്ലശേരി തുടങ്ങിയവരും അഭിനയിക്കുന്നു.

ഒരു രാത്രിയില്‍ കൊച്ചി നഗരത്തില്‍ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ കഥാ പശ്ചാത്തലം. കേരളമാകെ അറിയപ്പെടുന്ന ഒരു മാധ്യമ പ്രവർത്തകയുടെ വേഷത്തിലാണ് അന്ന എത്തുന്നത് .ഊബർ ടാക്സി ഡ്രൈവർ ആയ റോഷനും അന്നയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിലൂടെ പറയുന്നത്. ഇരുവരും രാത്രി നടത്തുന്ന ഒരു യാത്രയും, ഒരു ദിവസം നടക്കുന്ന ഒരു ത്രില്ലർ സ്വഭാവമുള്ള ചിത്രമാണ് നൈറ്റ് ഡ്രൈവ്. സബ് ഇൻസ്‌പെക്ടർ ബെന്നി മൂപ്പൻ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ റോളിലാണ് ഇന്ദ്രജിത് എത്തുന്നത്.

വേട്ടയാടപ്പെട്ടവർ വേട്ടക്കാരായി മാറുന്നു എന്ന് ക്യാപ്ഷനോടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീറ്റ പ്രിന്റോ എന്നിവര്‍ ചേര്‍ന്നാണ് നൈറ്റ് ഡ്രൈവ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. ഷാജികുമാര്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.കൊച്ചിയിൽ ഒറ്റ ഷെഡ്യൂളിൽ പൂർത്തികരിച്ച ചിത്രമാണ് നൈറ്റ് ഡ്രൈവ്.

Scroll to Top