‘കടമൊക്കെ എടുത്ത് ചെയ്യുന്നതാ; ഉപദ്രവിക്കരുത്, അപേക്ഷയാണ്’- നിത്യ ദാസ്

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് നിത്യ ദാസ്. നരിമാന്‍, കുഞ്ഞിക്കൂനന്‍, ബാലേട്ടന്‍, സൂര്യ കിരീടം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. പൊന്‍ മേഖലൈ, മാനത്തോടു മഴൈകാലം എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2007 ല്‍ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമാണ് നിത്യ ദാസ്.

ഇൻസ്‌റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലും സജീവതാരമാണ് താരം. ഇപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്.തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ വലിച്ച് കീറിയതിനെതിരെ പ്രതികരണവുമായി നടി നിത്യ ദാസ്. ‘പള്ളിമണി’ എന്ന സിനിമയുടെ കീറിയ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് കൊണ്ടാണ് നടിയുടെ പ്രതികരണം.ഏറെ സങ്കടകരമായ കാഴ്ചയാണ് ഇതെന്നും ദയവ് ചെയ്ത് ഉപദ്രവിക്കരുതെന്നും ചിത്രം പങ്കുവച്ച് നിത്യ കുറിച്ചു.

‘‘തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ചയാണ്, കണ്ണു നിറക്കുന്ന കാഴ്ച. അണ്ണാ കയ്യിൽ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല. വലിയ ആർട്ടിസ്റ്റ് ചിത്രവും അല്ല. പടം തിയറ്ററിൽ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാൻ. ഇതൊക്കെ കടമൊക്കെ എടുത്തു ചെയ്യുന്നതാ സത്യം. ഉപദ്രവിക്കരുത്, എല്ലാം പ്രതീക്ഷയാണല്ലോ. 24ന് നമ്മുടെ അടുത്തുള്ള തിയറ്ററുകളിൽ എത്തും. ‘പള്ളിമണി’ ചിത്രം ഇറങ്ങുമ്പോൾ തന്നെ പോയി കയറാൻ ഇതു വലിയ സ്റ്റാർ പടമൊന്നുമല്ല എന്നുള്ളത് നിങ്ങളെ പോലെ ഞങ്ങൾക്കും അറിയാം.

ഞങ്ങളുടെ പരിമിതിയിൽ നിന്നു കൊണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ പബ്ലിസിറ്റി ചെയ്തോട്ടെ. ഉപദ്രവിക്കരുത് അപേക്ഷയാണ്.’’–എന്നാണ് ചിത്രം പങ്കുവെച്ച് താരം കുറിച്ചത്.ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി. അനിൽ രചന നിർവഹിക്കുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമാണ് ‘പള്ളിമണി’. കലാസംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ശ്വേത മേനോന്‍, കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.

Scroll to Top