ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ നടൻ വിനായകന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു

ഉമ്മൻ ചാണ്ടിയ്ക്ക് എതിരെയുള്ള വിനായകന്റെ ലൈവ് വീഡിയോ സോഷ്യൽ മീഡിയയിൽ ഒരുപാട് കോളിളക്കം സൃഷ്ടിച്ചു. നിരവധി പേരാണ് ഇതിനെതിരെ രംഗത്ത് എത്തിയത്.ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ചെന്ന കേസിൽ നടൻ വിനായകനെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്തു. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ നിർണായക തെളിവായി പൊലീസ് പിടിച്ചെടുത്തു. കലൂരിലെ വിനായകന്റെ വീട്ടിലെത്തിയാണ് പൊലീസ് സംഘം ചോദ്യം ചെയ്തത്. എറണാകുളം ടൗൺ നോർത്ത് പൊലീസാണ് വിനായകനെതിരായ പരാതികൾ അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചു. പ്രകോപനം കൊണ്ടാണ് അത്തരത്തിൽ ഫേസ്ബുക്കിൽ ലൈവ് നടത്തിയതെന്ന് വിനായകൻ പോലീസിനോട് പറഞ്ഞതായാണ് വിവരം.നിരവധി പരാതികൾ എത്തിയതോടെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്.

പ്രകോപനപരമായി സംസാരിക്കൽ , മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. വിനായകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ സനൽ നെടിയതറ പൊലീസ് സ്റ്റേഷന് മുമ്പിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു.എന്നാൽ ഇതെക്കുറിച്ച് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചത് ഇങ്ങനെ;.സംഭവത്തിൽ കേസ് എടുക്കേണ്ട. അപ്പാ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹവും ഇതാകും പറയുക.അത് വിനായകന്റെ വ്യക്തിപരമായ അഭിപ്രായമായാണ് ഉമ്മൻ ചാണ്ടിയും കാണുകയെന്നും അദ്ദേഹം പ്രതികരിച്ചു.

വിനായകന്റെ ലൈവിനു തൊട്ടുപിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. “ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്നു ദിവസൊക്കെ, നിർത്തിയിട്ട് പോ.. പത്രക്കാരോടാണ് പറയുന്നത്. എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലേ ഇയാൾ ആരോക്കെയാണെന്ന്?’’- വിനായകൻ ലൈവിലൂടെ അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നു.

Scroll to Top