മമ്മൂട്ടിയെന്ന തീ ഒരിക്കലും അണയില്ല, ഇറങ്ങിയത് കാതലിന്റെ ഒരു പോസ്റ്റർ, നല്ല സമയമാണിത് : സന്ദീപ് ദാസ്.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സന്ദീപ് ദാസിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ,മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സമയം ഇതാണെന്ന് തോന്നുന്നു. ‘കാതൽ’ എന്ന സിനിമയുടെ ഒരേയൊരു പോസ്റ്റർ മാത്രമാണ് പുറത്തുവന്നത്. അതോടെ സിനിമാപ്രേമികൾ ഭയങ്കര ആവേശത്തിലായി. ഫെയ്സ്ബുക്കിലും വാട്സ് ആപ് സ്റ്റാറ്റസുകളിലുമെല്ലാം മമ്മൂട്ടിയും ജ്യോതികയും നിറഞ്ഞുനിൽക്കുകയാണ്. ഇത് ആദ്യത്തെ സംഭവമല്ല. നൻപകൽ നേരത്ത് മയക്കം,റൊഷാക്ക് തുടങ്ങിയ പേരുകൾ നാം എത്ര വേഗത്തിലാണ് നെഞ്ചിലേറ്റിയത്! അവയ്ക്കും കേവലമൊരു പോസ്റ്ററിൻ്റെ ചെലവേ ഉണ്ടായിരുന്നുള്ളൂ! എഴുപത് വയസ്സ് പിന്നിട്ട ഒരാളാണ് മമ്മൂട്ടി. ഈ പ്രായത്തിൽ ഇത്തരമൊരു ഇംപാക്റ്റ് സൃഷ്ടിക്കുക എന്നത് അവിശ്വസനീയം തന്നെയാണ്! പ്രായത്തെ കീഴടക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ”Age is just a number” എന്ന് പ്രസംഗിക്കാൻ ആർക്കും സാധിക്കും. പക്ഷേ അത് ജീവിതത്തിൽ നടപ്പിലാക്കാൻ എളുപ്പമാണോ? വയസ്സ് കൂടുന്നതിനനുസരിച്ച് മനുഷ്യരുടെ ആത്മവിശ്വാസവും ധൈര്യവും കുറയും.

പ്രായം കൂടുകയാണ് എന്ന് ചുറ്റുമുള്ളവർ ഓർമ്മിപ്പിക്കും. സ്വന്തം ശരീരം തന്നെ മുന്നറിയിപ്പുകൾ നൽകും. ഈ പ്രതിസന്ധി മമ്മൂട്ടിയും അനുഭവിക്കുന്നുണ്ട്. ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ നോക്കുക- ”കൊച്ചുപിള്ളേർ വരെ എന്നെ മമ്മൂട്ടി എന്നാണ് വിളിക്കുന്നത്. എനിക്ക് അവരുടെ അപ്പൂപ്പൻ്റെ പ്രായമുണ്ടല്ലോ എന്ന് അപ്പോൾ ചിന്തിക്കാറുണ്ട്…!” താൻ എങ്ങനെയാണ് ഈ പ്രശ്നത്തെ മറികടക്കുന്നത് എന്നതിനെക്കുറിച്ചും മമ്മൂട്ടി വിശദീകരിച്ചിട്ടുണ്ട്. ആ കുട്ടികളിലൊരുവനാണ് താൻ എന്ന് മമ്മൂട്ടി സ്വയം സങ്കൽപ്പിക്കും! ചെറുപ്പമായി തുടരാനുള്ള ശാഠ്യമാണ് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്. ആ തീ ഒരുകാലത്തും അണയുകയുമില്ല. മമ്മൂട്ടി സിനിമയിലെത്തിയിട്ട് അമ്പതിലേറെ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഫോക്കസ് ഒരു തരി പോലും കുറയാതെ ഇത്രയും കാലം ടോപ് പൊസിഷനിൽ നിന്നതുതന്നെ എത്ര വലിയ നേട്ടമാണ്! അനശ്വരനടനായ പ്രേംനസീറിന് അവസാന കാലത്ത് അഭിനയത്തോടുള്ള താത്പര്യം കുറഞ്ഞു എന്ന് കേട്ടിട്ടുണ്ട്.

അതിനെക്കുറിച്ച് നസീർ അഭിപ്രായപ്പെട്ടത് ഇങ്ങനെയാണ്- ”നമ്മൾ ഒരു കെട്ടിടത്തിൻ്റെ ഏറ്റവും ഉയർന്ന നിലയിൽ എത്തിയെന്നിരിക്കട്ടെ. എന്താവും അടുത്ത നീക്കം? താഴേയ്ക്ക് ഇറങ്ങുക എന്നത് മാത്രമാണ് പോംവഴി…” ഇങ്ങനെയൊരു ചിന്ത മമ്മൂട്ടിയെ ബാധിച്ചിട്ടില്ല. താൻ കയറിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിൻ്റെ ഏറ്റവും ഉയർന്ന നില മമ്മൂട്ടി ഒരിക്കലും കാണാൻ പോവുന്നില്ല. ആ പടവുകൾ ഇങ്ങനെ അനന്തമായി നീണ്ടുകൊണ്ടിരിക്കും. പുതിയതായി എന്തെങ്കിലുമൊക്കെ നേടാനുണ്ടെന്ന് മമ്മൂട്ടി എന്നും വിശ്വസിക്കും. ‘ഭീഷ്മപർവ്വം’ കണ്ട് ആവേശഭരിതനായ സംവിധായകൻ ഷാജി കൈലാസ് മമ്മൂട്ടിയുമായി സംസാരിച്ചിരുന്നു. ഇതുപോലുള്ള സിനിമകൾ ഇനിയും ചെയ്യണം എന്ന ഷാജിയുടെ നിർദ്ദേശത്തിന് മമ്മൂട്ടി പറഞ്ഞ മറുപടി ശ്രദ്ധേയമാണ്- ”ഇടയ്ക്കൊരു ഭീഷ്മപർവ്വം ചെയ്യാം. പക്ഷേ ഞാനൊരു നടനല്ലേ? എൻ്റെ കഴിവിൻ്റെ വിവിധ തലങ്ങൾ പരീക്ഷിച്ചുനോക്കേണ്ടതല്ലേ…!

? ” മമ്മൂട്ടിയുടെ വരാൻ പോകുന്ന സിനിമകളുടെ നിര കാണുമ്പോൾ അത്ഭുതം തോന്നുന്നില്ലേ!? അത്യാകർഷകമായ ആ ലൈൻ-അപ്പ് മമ്മൂട്ടിയുടെ ആറ്റിറ്റ്യൂഡിൻ്റെ ഫലമാണ്! ‘കാതൽ’ എന്ന സിനിമയുടെ പോസ്റ്റർ കണ്ടപ്പോൾ എന്നിൽ ഉണർന്ന വികാരം ഗൃഹാതുരത്വമാണ്. പഴമ തോന്നിക്കുന്ന മമ്മൂട്ടിയുടെയും ജ്യോതികയുടെയും ചിത്രം. രഞ്ജിത്തിൻ്റെ സിനിമയായ കയ്യൊപ്പിൽ ഒരു മനോഹരമായ പ്രണയമുണ്ട്. മമ്മൂട്ടിയും ഖുഷ്ബുവും അനശ്വരമാക്കിയ വേഷങ്ങൾ. പുസ്തകങ്ങളെയും യാത്രകളെയും പ്രണയിക്കുന്ന, മദ്ധ്യവയസ്സിലെത്തിനിൽക്കുന്ന രണ്ട് കഥാപാത്രങ്ങൾ. അടിമുടി നൊസ്റ്റാൾജിയ! അങ്ങനെയൊരു കഥയാണ് ജിയോ ബേബി പറയുന്നതെങ്കിലോ!? അതെത്ര മനോഹരമാകും…ഖുഷ്ബുവിൻ്റെ പത്മ പാടുന്ന പാട്ട് ഓർമ്മവരുന്നു-‘ജൽത്തേ ഹേൻ ജിസ്കേ ലിയേ….! ” Written by-Sandeep Das

Scroll to Top