നഷ്ടമായത് ഹിറ്റ് മേക്കർ,കാലങ്ങൾ കഴിഞ്ഞിട്ടും ലാൽ സിദ്ധിഖ്‌ സിനിമകളിലെ സംഭാഷണങ്ങൾ മായുന്നില്ല : ശൈലജ ടീച്ചർ.

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ശൈലജ ടീച്ചറിന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ ശൈലജ ടീച്ചർ മരണപ്പെട്ട സിദ്ധിഖിനെ കുറിച്ച് ആണ് എഴുതിയത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ,ഗൗരവതരമായ ജീവിത പ്രശ്നങ്ങളെ നർമ്മ മധുരമായ ശൈലിയിൽ അവതരിപ്പിച്ച് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ സംവിധായകനാണ് സിദ്ദിഖ്. മലയാളത്തിലെ ഒരു ഹിറ്റ് മേക്കർ സംവിധായകനെയാണ് സിദ്ദിഖിൻ്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്.

തിരകഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ അദ്ദേഹം അനുകരണകലയിലൂടെയാണ് കലാരംഗത്തേക്ക് കടന്നു വന്നത്. അദ്ദേഹവും ലാലും ചേർന്ന് ഒരുക്കിയ പല സിനിമകളിലെ മുഹൂർത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സിൽ പതിറ്റാണ്ടുകൾക്ക് ശേഷവും മായാതെ നിൽക്കുന്നത് തന്നെ അദ്ദേഹത്തിലെ പ്രതിഭയെ വെളിവാക്കുന്നതാണ്. റാംജി റാവു സ്പീക്കിങ്ങ്, ഇൻ ഹരിഹർ ന​ഗർ, ​ഗോഡ്ഫാദർ തുടങ്ങിയ ഇവരുടെ ചലച്ചിത്രങ്ങൾ പുതിയ തലമുറയും ആസ്വാദിച്ച് കാണുന്ന സിനിമകളാണ്.

മലയാള ഭാഷക്കപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചലച്ചിത്ര രം​ഗത്തിന് സംഭാവന നൽകാൻ സിദ്ദിഖിന് സാധിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്കും മലയാളികൾക്കാകെയും നികത്താനാവാത്തതാണ് സിദ്ദിഖിൻ്റെ വിയോഗം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും, സുഹൃത്തുക്കൾക്കും, സഹപ്രവർത്തകർക്കുമൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ…

Scroll to Top