‘ടോപ്പ് 2 ഞാന്‍ പ്രതീക്ഷിച്ചിരുന്നു’;ഇത് എന്റെ പുതിയ തുടക്കം ; മോഹൻലാലിനോട് ശോഭ!!

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളാണ് ശോഭ വിശ്വനാഥ്. ഗെയിമുകളിലും ടാസ്കുകളിലുമൊക്കെ തന്‍റെ 100 ശതമാനത്തിന് മുകളില്‍ നല്‍കുന്ന,വ്യക്തിയാണ് ശോഭ.കഴിഞ്ഞ 100 ദിവസങ്ങളില്‍ ശോഭ സഹമത്സരാര്‍ഥികളോട് പലപ്പോഴും പങ്കുവച്ച ഒരു ആഗ്രഹം ഉണ്ടായിരുന്നു.ബിഗ് ബോസ് ഗ്രാന്‍ഡ് ഫിനാലെയ്ക്ക് തന്റെ വിവാഹ സാരിയും ഉടുത്ത് പങ്കെടുക്കണം എന്നതായിരുന്നു അത്. ശോഭയുടെ ആ ആഗ്രഹം നിറവേറി. ടോപ്പ് 5 ല്‍ ഇടംപിടിച്ച ശോഭ വിവാഹ സാരിയും ഉടുത്താണ് ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കുന്നത്. ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ എത്തിയ മോഹന്‍ലാല്‍ ടെലിവിഷന്‍ സ്ക്രീനിലൂടെ ഹൌസിലെ ടോപ്പ് 5 മത്സരാര്‍ഥികളുമായി ആദ്യം സംവദിച്ചു. ശോഭയോട് സംസാരിക്കവെ ശോഭയുടെ വസ്ത്രം മോഹന്‍ലാല്‍ ശ്രദ്ധിച്ചു. അക്കാര്യം ചോദിക്കുകയും ചെയ്തു.

ഏറെ സന്തോഷത്തോടെയായിരുന്നു ശോഭയുടെ പ്രതികരണം.എന്നാൽ അപ്രതീക്ഷിത പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ശോഭയുടെ പുറത്താവല്‍. . സീസണ്‍ റണ്ണര്‍ അപ്പ് ആവുമെന്ന് പ്രതീക്ഷിച്ചിരുന്ന ശോഭ പ്രേക്ഷകരുടെ വോട്ടിംഗില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ബിഗ് ബോസ് നാടകീയമായി പ്രഖ്യാപിച്ച എവിക്ഷന്‍ സംഗീതകാരന്‍ സ്റ്റീഫന്‍ ദേവസ്സിയിലൂടെയാണ് നടപ്പാക്കിയത്. പ്രതീക്ഷിച്ചത് ലഭിക്കാതിരുന്നതിന്‍റെ സങ്കടം ഒതുക്കിക്കൊണ്ടാണ് ശോഭ മോഹന്‍ലാല്‍ നില്‍ക്കുന്ന വേദിയില്‍ ശോഭ സംസാരിച്ചത്.”100 ദിവസം നില്‍ക്കുമെന്ന് ഞാന്‍ പറഞ്ഞു. 100 ദിവസം വിജയകരമായി നിന്നു. ഇതെന്‍റെ കല്യാണ സാരിയാണ്. ഓരോ സാരിയിലൂടെയും കഥ പറഞ്ഞാണ് ഞാന്‍ പോകുന്നത്. ഓരോന്നും എനിക്കൊരു കഥയാണ്. ഈ സാരി എന്‍റെ വിജയഗാഥയുടെ ഒരു തുടക്കമാണ്.

ഈ സാരി ഇനി ഞാന്‍ ഉടുക്കും”, മോഹന്‍ലാലിനോട് ശോഭ പറഞ്ഞു. ഈ പുറത്താവല്‍ അപ്രതീക്ഷിതമായിരുന്നോ എന്നായിരുന്നു മോഹന്‍ലാലിന്‍റെ അടുത്ത ചോദ്യം. ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്നില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന കാര്യം ശോഭ തുറന്ന് പറഞ്ഞു- “ടോപ്പ് 2 ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഈ അഞ്ച് പേരും, ഇവിടെ ഇരിക്കുന്ന 21 പേരും വിജയികളാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ടോപ്പ് 5 ല്‍ വരാന്‍ പറ്റി. ഭയങ്കര ഒരു അനുഗ്രഹമായി ഞാന്‍ കരുതുന്നു. മൂന്നര കോടി ജനങ്ങളുടെ സ്നേഹവും അനുഗ്രഹവും കൂടെ ഉണ്ടാവുമെന്ന് എനിക്കറിയാം. ഒരു സന്ദേശം കൊടുക്കാനാണ് ഇവിടെ വന്നത്. ജീവിതത്തില്‍ തോറ്റുപോയി, വീണുപോയി എന്ന് വിചാരിക്കുന്ന സ്ഥലത്ത് നമ്മള്‍ വീണിട്ടില്ല, അവിടെനിന്ന് തുടങ്ങണം. ഇത് എന്‍റെയൊരു പുതിയ തുടക്കമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു”, ശോഭ പറഞ്ഞു.

Scroll to Top