അമ്മയുടെ ജന്മദിനത്തിൽ തിരികെ ജോലിയിലേക്ക്, നിങ്ങളുടെ പിന്തുണ വേണം : സിദ്ധാർഥ്.

മലയാളസിനിമയുടെ അമരത്ത് നിറഞ്ഞുനിന്ന നടി കെ.പി.എ.സി. ലളിത ചേച്ചിയുടെ വിടവാങ്ങൽ ഏറെ വേദനയോടെയാണ് സ്വീകരിച്ചത് . മകനും നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതന്റെ ഫ്ലാറ്റിലായിരുന്നു 22ന് രാത്രി 10.45-ന് അന്ത്യം. കരൾരോഗം കാരണം ദീർഘനാളായി ചികിത്സയിലായിരുന്നു.നാടകത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ സിനിമകളില്‍ ഭാഗമായിട്ടുണ്ട്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സിദ്ധാർഥിന്റെ ഫേസ്ബുക് കുറിപ്പാണ്.ലളിത ചേച്ചി മരിച്ചിട്ട് 16 ദിവസം പൂർത്തിയായി, കൂടാതെ താരത്തിന്റെ ജന്മദിനത്തിൽ തിരികെ ജോലിയിലേക്ക് കയറിയ വിവരവും അറിയിക്കുകയാണ്.കുറിപ്പിലൂടെ സിദ്ധാർഥ് പറയുന്നത് ഇങ്ങനെ,’അമ്മ മരിച്ചിട്ട് ഇന്നലെ 16 ദിവസം പൂർത്തിയായി. ഔദ്യോഗികമായ ദുഃഖാചരണം അതോടെ അവസാനിക്കുകയാണ്. ഇന്ന് അമ്മയുടെ ജന്മദിനം കൂടിയാണ്. ശുഭകരമായ ഈ ദിവസം തന്നെ എന്റെ പുതിയ ചിത്രമായ ‘ജിന്നി’ന്റെ ടീസർ റിലീസ് ചെയ്തുകൊണ്ട് ജോലിയിലേക്ക് തിരികെ പ്രവേശിക്കാമെന്നു കരുതി. അമ്മയുടെ വിയോഗത്തിൽ നിന്ന് കര കയറാൻ നിങ്ങളുടെ ഓരോരുത്തരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടാകണം.

പ്രമുഖ താരങ്ങളും സഹപ്രവർത്തകരും ജന്മദിനത്തിൽ കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഈ വിയോഗം നേരിടാനുള്ള കരുത്ത് സിദ്ധാർഥിനും കുടുംബത്തിനും ഉണ്ടാകട്ടെയെന്ന പ്രാർത്ഥനയും അവർ പങ്കുവച്ചു. അതേസമയം, മികച്ച പ്രതികരണമാണ് സിദ്ധാർഥിന്റെ പുതിയ ചിത്രമായ ജിന്നിന്റെ ടീസറിന് ലഭിക്കുന്നത്. സൗബിൻ ഷാഹിർ, ശാന്തി ബാലചന്ദ്രൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, സാബുമോൻ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. ‘കലി’ക്ക് ശേഷം രാജേഷ് ഗോപിനാഥൻ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

FACEBOOK POST

Scroll to Top