‘പെൺമക്കളുടെ വിവാഹം കഴിയാത്തതിൽ വിഷമമുണ്ടോ?’; മറുപടി നൽകി സിന്ധു കൃഷ്ണ

പ്രേക്ഷകര്‍ക്ക് സുപരിചിതമായ താരകുടുംബങ്ങളിലൊന്നാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരും ആരാധകര്‍ക്ക് പ്രിയങ്കരരാണ്. മാത്രമല്ല കുടുംബത്തിലെ മുഴുവന്‍ പേരും വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.കൃഷ്ണ സിസ്‌റ്റേഴ്‌സ് എന്ന് വിളിപ്പേരുള്ള സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരരായ നാല് പെണ്‍കുട്ടികളുടെ അമ്മയാണ് സിന്ധു കൃഷ്ണകുമാർ.കുടുംബത്തിലെ വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കിടാറുണ്ട് സിന്ധു കൃഷ്ണ.

നാല് പെൺകുട്ടികളുടെ അമ്മയായ സിന്ധുവിനോട് മക്കളുടെ വിവാഹം കഴിയാത്തതിൽ വിഷമമില്ലേ?’ എന്ന അനാവശ്യ ചോദ്യത്തിന് വിവേക പൂർവം മറുപടി നൽകിയാണ് സിന്ധു കൃഷ്ണ ഏവരുടെയും ഇഷ്ടം പിടിച്ചു പറ്റിയത്. ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാറുള്ള സിന്ധു, ഒരു ചോദ്യോത്തരവേളയിലാണ് ഈ ചോദ്യം നേരിട്ടത്.

‘‘ഇതെന്ത് ചോദ്യമാണ്? എന്തിനാണ് ഞാൻ ദുഃഖിക്കുന്നത്? കല്യാണമാണ് ജീവിതത്തിലെ അവസാന ലക്ഷ്യം അല്ലെങ്കിൽ ഒരു പെൺകുട്ടി പിറന്നാൽ അവളെ വിവാഹം കഴിപ്പിച്ചു മറ്റൊരു വീട്ടിലേക്കു പറഞ്ഞു വിടുന്നതാണ് അച്ഛന്റെയും അമ്മയുടെയും പ്രധാന കടമ എന്ന ചിന്ത അറിഞ്ഞോ അറിയാതെയോ നമ്മുടെ ഇന്ത്യൻ സമൂഹത്തിൽ ഉണ്ടായിപ്പോയി. അതുകൊണ്ടാണ് എല്ലാവരും ഈ ചോദ്യം ചോദിക്കുന്നത്.

കുറച്ചുനാൾ കഴിയുമ്പോൾ അതങ്ങ് മാറിക്കോളും. കല്യാണവും കുഞ്ഞുങ്ങളുമെല്ലാം ഒരു മനുഷ്യന്റെ ജീവിത ചക്രത്തിന്റെ ഭാഗമായി വരേണ്ടതു തന്നെയാണ്. പക്ഷേ അതോർത്ത് എന്തിന് വിഷമിക്കണം, അതിന്റെ ആവശ്യമില്ല. സമയമാകുമ്പോൾ നടക്കേണ്ടതെല്ലാം, നടക്കേണ്ട പോലെ നടക്കും. അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്‌ടം.’’–സിന്ധു കൃഷ്ണ പറഞ്ഞു.

മക്കളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കാത്തത് എന്താണെന്നും ചോദ്യമുണ്ടായി. ‘‘സാധാരണ ജീവിതവും ജോലിയുമൊക്കെ ആയിരുന്നെങ്കിൽ 24-25 വയസ്സൊക്കെ ആകുമ്പോള്‍ ഞങ്ങളുടെ വീട്ടില്‍ കല്യാണാലോചന വന്നേനെ. ഈ ഫീല്‍ഡിലായത് കൊണ്ടാണെന്ന് തോന്നുന്നു. വീട്ടില്‍ കല്യാണാലോചനകളൊന്നും വരാറില്ല. വിവാഹത്തിന് മക്കളും കൂടി റെഡിയാവണം. അവര്‍ക്ക് കല്യാണം കഴിക്കാന്‍ തോന്നിയാല്‍ അവര്‍ പറയുമായിരിക്കും. അല്ലാതെ വിവാഹം കഴിക്കാൻ അവരെ ഞങ്ങൾ നിർബന്ധിക്കാറില്ല.

പെണ്‍കുട്ടികളാണെന്ന് കരുതി അവരെ വല്ലവരെയും പിടിച്ചേല്‍പ്പിക്കുന്നതാണ് ഏറ്റവും വലിയ കാര്യം എന്ന ചിന്താഗതിയുള്ളവരല്ല ഞാനും കിച്ചുവും. വിവാഹം നടക്കേണ്ട സമയത്ത് നടന്നോളും എന്ന് വിശ്വസിക്കുന്നവരാണ് ഞങ്ങള്‍. സെറ്റിലാവണമെന്ന് തോന്നുന്ന സമയത്ത് മക്കളായിട്ട് അതേക്കുറിച്ച് ഇങ്ങോട്ട് പറയുമെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ത്തന്നെ ഞങ്ങള്‍ മക്കളോട് വിവാഹത്തെക്കുറിച്ച് കാര്യമായി സംസാരിച്ചിട്ടില്ല.’’ സിന്ധു പറഞ്ഞു.

Scroll to Top