ദൈവാനുഗ്രഹത്താൽ ഞാൻ സുഖമായിരിക്കുന്നു ;ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്തകൾക്കെതിരെ സുരേഷ്‌ഗോപി

മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും താരം ചികിത്സയിലാണെന്നും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു.ഇപ്പോഴിതാ അതിന് മറുപടി നൽകുകയാണ് സുരേഷ് ഗോപി. പ്രചരിച്ചത് വ്യാജ വാർത്തയാണെന്നും ദൈവത്തിന്റെ അനുഗ്രഹത്താൽ തനിക്കൊരു കുഴപ്പവുമില്ലെന്നും സുരേഷ് ഗോപി സമൂഹമാധ്യമത്തിൽ കുറിച്ചിരിക്കുന്നു.ആലുവ യുസി കോളജിൽ ‘ഗരുഡൻ’ സിനിമയുടെ ലൊക്കേഷനിലാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം അറിയിച്ചു.

സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം :
‘എന്റെ ആശുപത്രി വാസവുമായി ബന്ധപ്പെട്ട വാർത്തകൾ തെറ്റാണ്. ദൈവാനുഗ്രഹത്താൽ, ഞാൻ പൂർണ്ണമായും സുഖമായിരിക്കുന്നു. ആലുവ യുസി കോളേജിൽ ഗരുഡന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഞാൻ. ആശങ്കകൾ പങ്കുവെച്ചുകൊണ്ടുള്ള എല്ലാ സന്ദേശങ്ങൾക്കും ആശംസകൾക്കും ഒരിക്കൽ കൂടി ഒരായിരം നന്ദി!’-താരം കുറിച്ചു.ഷൂട്ടിം​ഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രവും സുരേഷ് ​ഗോപി പങ്കുവെച്ചിട്ടുണ്ട്.

നവാഗതനായ അരുൺ വർമ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഗരുഡൻ’. ചിത്രം നിർമിക്കുന്നത് മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ്. ഏറെ നാളുകൾക്ക് ശേഷം സുരേഷ് ​ഗോപി- ബിജു മേനോൻ കൂട്ടുക്കെട്ട് ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത.ബിജു മേനോൻ, അഭിരാമി, സിദ്ദീഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, മാളവിക എന്നിവരാണ് മറ്റു താരങ്ങൾ. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ.

Scroll to Top