ഒരു കമ്പ്ലീറ്റ് എന്റർടൈനർ പാക്കേജ് ! സർപ്രൈസ് ഹിറ്റുമായി തട്ടാശ്ശേരി കൂട്ടം

പൈസ മുടക്കി ടിക്കറ്റ് എടുത്ത തിയേറ്ററിൽ കേറുന്ന പ്രേക്ഷകന്റെ അടിസ്ഥാന ആവശ്യം തങ്ങളുടെ വിലപ്പെട്ട സമയത്തെ പൂർണ്ണമായും രസിപ്പിക്കുക എന്നതാണ്, അതിൽ പൂർണ്ണമായും വിജയം കൈവരിച്ച ശ്രമമാണ് നവാഗതനായ അനൂപ് പത്മനാഭൻ ഒരുക്കിയ തട്ടാശ്ശേരിക്കൂട്ടം. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിച്ച ചിത്രം ഇന്നാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. സഞ്ജയ് എന്ന ചെറുപ്പക്കാരന്റെയും അവന്റെ സുഹൃത്തുക്കളുടെയും ജീവിതത്തിലൂടെയുമാണ് ചിത്രത്തിൻറെ കഥ പുരോഗമിക്കുന്നത്. തട്ടാനായ അമ്മാവനെ സഹായിക്കാതെ, ഐഎഎസ് ക്ലാസുകളിൽ അലക്ഷ്യമായി പങ്കെടത്തും, യുബർ ടാക്സിയും ഡെലിവറി ബോയുമായി ജീവിതം മുന്നോട്ട് നീക്കി വൈകുന്നേരങ്ങളിൽ ചങ്ങാതിമാരോടൊപ്പം മദ്യപിച്ചും നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ പ്രണയം കടന്നുവരുന്ന വഴികളും, അതിനുശേഷമുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് ചിത്രത്തിൻറെ കഥാപാശ്ചാത്തലം.

സഞ്ജയ് എത്തുന്നത് പ്രേക്ഷകരുടെ പ്രിയതാരം അർജുൻ അശോകനാണ്, മലയാള സിനിമയിലെ നായകന്മാർക്കിടയിലേക്ക് നാളെയുടെ വാഗ്ദാനമാണ് എന്ന് അരക്കിട്ടുറപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ അർജുൻ അശോകന്റേത് ഗണപതി, ഉണ്ണി പി. ദേവ്, അനീഷ് ഗോപാൽ, അപ്പു തുടങ്ങിയവർ സുഹൃത്തുക്കളുടെ വേഷത്തിൽ ശോഭിച്ചപ്പോൾ, അമ്മയായി വേഷമിട്ട ശ്രീലക്ഷ്മിയും, ആതിരയായി വന്ന പ്രിയംവദയും ഒപ്പത്തിനൊപ്പം അഭിനയിച്ചു തകർത്തു. സഞ്ജയ്യുടെ അമ്മായിയായി അഭിനയിച്ച ഷൈനി. ടി. രാജന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ആലുവയിലെ സമീപത്തുള്ള ഗ്രാമീണ ദൃശ്യങ്ങളെ വളരെ മനോഹരമായി തന്നെ ജിതിൻ സ്റ്റാൻസിലോവ്സ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്,

ചിത്രത്തിന്റെ മൂഡിന് പൂർണത നൽകാനുതകുന്ന മനോഹര ഗാനരംഗങ്ങൾ ശ്രദ്ധേയമാണ്. എഡിറ്റിങ് ചിത്രത്തിൽനിന്നു കണ്ണെടുക്കാതെ പ്രേക്ഷകനെ പിടിച്ചിരുത്താൻ സഹായിക്കുന്നുണ്ട്. കോമഡിയും പ്രണയവും സസ്പെൻസും ത്രില്ലും ആക്ഷനും എല്ലാം കൃത്യമായി ചേരുംപടി ചേർത്ത് ഒരു കംപ്ലീറ്റ് എന്റർടൈനറായാണ് അനൂപ് പത്മനാഭൻ തന്റെ ആദ്യ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ഒരിടത്തും ബോറടിപ്പിക്കാതെ, കണ്ടു ശീലിച്ച കാഴ്ചകളില്ലാതെ, കയ്യടി നേടാനുതകുന്ന തികവുറ്റ മേക്കിങ് ആണ് ചിത്രത്തിന്റേത്. പ്രേക്ഷകന്റെ സമയത്തിനും കാശിനും 100% സംതൃപ്തി നൽകുന്ന ഒരു ക്ലീൻ എന്റർടൈനർ തന്നെയാണ് തട്ടാശ്ശേരിക്കൂട്ടം.

Scroll to Top