ബിജെപിയുടെ സ്ഥാനാർഥി ;രാഷ്ട്രീയ പ്രവേശന വാർത്തയിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ

ലോക്സഭ തിരഞ്ഞെടുപ്പിൽ പാലക്കാടു നിന്നുള്ള ബിജെപി സ്ഥാനാർഥിയായി നടന്‍ ഉണ്ണി മുകുന്ദൻ മത്സരിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ വാർത്ത നിഷേധിച്ച് നടൻ ഉണ്ണി മുകുന്ദൻ. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് ഉണ്ണി മുകുന്ദൻ സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. താൻ ഇപ്പോൾ സിനിമ ചിത്രീകരണത്തിന്റെ തിരക്കിലാണെന്നും പ്രചരിക്കുന്ന വാർത്ത സത്യമല്ലെന്നും താരം വ്യക്തമാക്കി.ഉണ്ണി മുകുന്ദൻ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം :

“ഞാന്‍ രാഷ്ട്രീയത്തിലേക്ക് വരുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. അത് വ്യാജമാണ്. എന്‍റെ പുതിയ ചിത്രം ഗന്ധര്‍വ്വ ജൂനിയറില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. അതൊരു നീണ്ട ഷെഡ്യൂള്‍ ആണ്. അത് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാം. ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടും മുന്‍പ് അതിന്‍റെ വസ്തുതയെക്കുറിച്ച് പരിശോധിക്കണമെന്ന് മാധ്യമ സ്ഥാപനങ്ങളോട് ഞാന്‍ വിനീതമായി അഭ്യര്‍ഥിക്കുന്നു. സമൂഹത്തെ നേരിട്ട് സ്വാധീനിക്കുന്ന ഒന്നെന്ന നിലയില്‍ രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവര്‍ത്തകരോടും വലിയ ബഹുമാനം സൂക്ഷിക്കുന്ന ആളാണ് ഞാന്‍. ലാഘവത്തോടെയല്ല ഞാന്‍ രാഷ്ട്രീയത്തെ സമീപിക്കുന്നത്. ഈ കുറിപ്പിലൂടെ ഞാന്‍ നിലപാട് വ്യക്തമാക്കിയതായി കരുതുന്നു”,-എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്.

മലയാള സിനിമയില്‍ സ്വന്തം ഇടംകണ്ടെത്തിയ യുവനടനാണ് ഉണ്ണി മുകുന്ദന്‍. ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ താരത്തിന്‍റെ വര്‍ക്കൗട്ട് വീഡിയോകളും വൈറലാകാറുണ്ട്. വിക്രമാദിത്യനില്‍ ദുല്‍ഖര്‍ വിളിച്ച മസിലളിയൻ എന്ന പ്രയോഗത്തില്‍ തന്നെയാണ് താരം അറിയപ്പെടുന്നതും.2002-ലെ മലയാളം സിനിമയായ നന്ദനത്തിൻ്റെ തമിഴ് റീമേക്കായ സീദൻ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ്റെ സിനിമാ പ്രവേശനം. 2011-ൽ റിലീസായ ബോംബേ മാർച്ച് 12 എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു.

ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചു. തുടർന്ന് ബാങ്കോക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഉണ്ണി മുകുന്ദൻ 2012-ൽ റിലീസായ മല്ലൂസിംഗ് എന്ന സിനിമയിൽ നായകനായി. മല്ലൂസിംഗിൻ്റെ വലിയ വിജയം ഒരു പിടി സിനിമകളിൽ നായക വേഷം ചെയ്യാൻ ഉണ്ണി മുകുന്ദന് അവസരമൊരുക്കി.2022 ലെ അവസാന റിലീസുകളില്‍ ഒന്നായി ഡിസംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം.മികച്ച പ്രതികരണം ആണ് ചിത്രം നേടുന്നത്.

Scroll to Top