‘നിങ്ങൾക്കൊന്നും സംഭവിക്കില്ല’ ; വാവ സുരേഷിനായി പ്രാർത്ഥനയോടെ സിനിമാലോകം!!

മൂർഖൻ പാമ്പിന്റെ കടിയേറ്റ് ​കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന വാവ സുരേഷിനായി പ്രാർത്ഥനയോടെ സിനിമാ താരങ്ങൾ. ജയറാം, സീമ ജി നായര്‍, സന്തോഷ് പണ്ഡിറ്റ്, ബിനീഷ് ബാസ്റ്റിന്‍,സുബി സുരേഷ്, ലക്ഷ്മി പ്രിയ, നാദിര്‍ഷ തുടങ്ങി നിരവധി പേരാണ് വാവ സുരേഷിനെക്കുറിച്ചുള്ള പോസ്റ്റുമായെത്തിയിട്ടുള്ളത്.അതേസമയം, വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയിലായി. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും നേരിയ പുരോഗതിയുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.ഇന്നലെ കോട്ടയം കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടികൂടുന്നതിനിടെയാണു സുരേഷിന് കടിയേറ്റത്. കടിയേറ്റതിനെതുടര്‍ന്ന് പിടിവിട്ടുപോയ പാമ്പിനെ വീണ്ടും പിടിച്ചു മറ്റൊരു പാത്രത്തിലാക്കിയതിനു ശേഷമാണ് വാവ സുരേഷ് ആശുപത്രിയിലേക്കു പോയത്.

‘ദൈവം കൂടെയുണ്ട്, ഞങ്ങളുടെയൊക്കെ പ്രാർഥന കൂടെയുണ്ട്‘ എന്നാണ് ജയറാം കുറിച്ചത്. ‘പ്രാർഥനയോടെ, വേഗം തിരിച്ചുവരണം ജീവിതത്തിലേക്ക്. കഴിഞ്ഞ ദിവസവും ഞാന്‍ പറഞ്ഞതല്ലേ സൂക്ഷിക്കണമെന്ന്, അപ്പോള്‍ പറഞ്ഞു എല്ലാവര്‍ഷവും ഇങ്ങനെ പ്രശ്‌നം ഉണ്ടാവുമെന്ന്, പക്ഷേ, പ്രാർഥനയോടെ.’, എന്നായിരുന്നു സീമ ജി. നായരുടെ വാക്കുകൾ.വാവ സുരേഷിനൊപ്പമുള്ള ഫോട്ടോയ്‌ക്കൊപ്പമുള്ള പോസ്റ്റുമായാണ് സീമ ജി നായരെത്തിയത്. വാവ സുരേഷിന്റെ നില ഗുരുതരമാണെന്ന് കേള്‍ക്കുന്നു, ഈ നല്ല മനുഷ്യന്റെ മടങ്ങി വരവിനായി പ്രാര്‍ത്ഥിക്കാം എന്നാണ് സുബി സുരേഷ് പറയുന്നത്. ഒന്നും സംഭവിക്കില്ല, ഒരുപാടുപേരുടെ പ്രാര്‍ത്ഥനയുണ്ട് സഹോദരാ, പടച്ചവനെ എന്റെ പ്രിയ സഹോദരനെ കാക്കണേയെന്നായിരുന്നു നാദിര്‍ഷ കുറിച്ചത്.

‘പാമ്പിനെ പിടികൂടുന്നതിന് ഇടയിൽ കടിയേറ്റു ചികിത്സയിൽ കഴിയുന്ന സുരേഷേട്ടൻ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. നമ്മളിൽ ആർക്കും ഇല്ലാത്ത കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. സമൂഹത്തിനു ഇദ്ദേഹത്തെ ആവശ്യമുണ്ട്. ശാസ്ത്രീയമായി, സുരക്ഷിതമായി പരുക്ക് പറ്റാത്ത രീതിയിൽ പാമ്പിനെ പിടിക്കാൻ ഉള്ള മാർഗങ്ങളും ഉപകരണങ്ങളും സംവിധാനങ്ങളും ഇന്ന് നിലവിൽ ഉണ്ട്. ഭാവിയിൽ എങ്കിലും പാമ്പിനെ പിടിക്കുവാൻ പോകുമ്പോൾ കൂടുതൽ സ്വയം സുരക്ഷാ കൂടി നോക്കി ചെയ്യണം എന്ന് അപേക്ഷിക്കുന്നു. പ്രാർഥനകളോടെ.’സന്തോഷ് പണ്ഡിറ്റ് പോസ്റ്റ് ചെയ്തു.

Scroll to Top