പരീക്ഷ എഴുതിയത് മകളാണ്, അച്ഛനല്ല ; നടൻ വിജയ് മകൾക്ക് പകരം അച്ഛനെ പൊന്നാടയണിയിച്ചതിൽ വിമർശിച്ച് സോഷ്യൽ മീഡിയ

കഴിഞ്ഞദിവസം ആയിരുന്നു തമിഴ്നാട്ടിലെ എസ്‌എസ്‌സി, എച്ച്‌എസ്‌സി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് വിജയ് മക്കൾ ഇയക്കം സംഘടിപ്പിച്ചത്. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാര്‍ഥികളും അവരുടെ മാതാപിതാക്കളും ചടങ്ങിൽ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ക്ക് വിജയ് ഉപഹാരവും കാഷ് അവാര്‍ഡും സമ്മാനിച്ചു. നടന്‍ വിജയ്യുടെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം ആണ് ചടങ്ങ് സംഘടിപ്പിച്ചത്. നടന്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായുള്ള നടപടിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

പൊതുജനങ്ങളെ ശല്യപ്പെടുത്തുന്ന രീതിയിൽ താൻ പങ്കെടുക്കുന്ന ചടങ്ങ് പ്രമോട്ട് ചെയ്യരുത് എന്ന് അദ്ദേഹം ആരാധകരോട് അഭ്യർഥിച്ചിരുന്നു.പരീക്ഷകളിൽ ഉന്നതവിജയം നേടിയ നൂറുകണക്കിന് കുട്ടികളെയാണ് ചടങ്ങിൽ ആദരിച്ചത്. അറുന്നൂറിൽ അറുന്നൂറ് മാർക്ക് നേടിയ നന്ദിനി എന്ന കുട്ടിക്ക് ഡയമണ്ട് നെക്ലേസ് ആണ് സമ്മാനിച്ചത്. ഇപ്പോഴിതാ ഈ ചടങ്ങിൽ ഉന്നതവിജയം നേടിയ മകൾക്ക് പകരം ആ കുട്ടിയുടെ പിതാവിനെ വിജയ് പൊന്നാട അണിയിച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

പരീക്ഷയിൽ ഉന്നതവിജയം നേടിയ ആയിഷ എന്ന കുട്ടിക്ക് പകരം കുട്ടിയുടെ പിതാവിനെയാണ് വിജയ് പൊന്നാട അണിയിച്ചത്.സിനിമയിൽ മാസ് ഡയലോഗുകളും സൂപ്പർ പരിവേഷ കഥാപാത്രങ്ങളും ചെയ്യുന്ന വിജയ് അവാർഡ് ദാന ചടങ്ങിൽ ചെയ്തത് മോശമായ കാര്യമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പരീക്ഷ എഴുതിയത് മകളാണെന്നും അച്ഛനല്ലെന്നും സോഷ്യൽ മീഡിയ ഓർമിപ്പിക്കുന്നു.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ആണ് വിജയ്‍യുടെതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.

Scroll to Top